വർണപ്പൊലിമയോടെ മുണ്ടൂർ കുമ്മാട്ടി
text_fieldsമുണ്ടൂർ: വർണങ്ങളിൽ നീരാടി പാലക്കീഴ്ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ആഘോഷിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്ക് മൂന്ന് വീതം ഗജവീരന്മാർ അണിനിരന്നു. പാലക്കീഴ് ഈസ്റ്റ്, കപ്ളിപാറദേശ വേലക്കമ്മറ്റികളാണ് രണ്ട് ഘട്ടങ്ങളിലായി കാഴ്ചശീവേലി സംഘടിപ്പിച്ചത്. ഇരുദേശങ്ങൾക്കും ചൊവ്വള്ളൂർ മോഹന വാര്യരും പത്മശ്രീ പെരുവനംകുട്ടൻ മാരാരും സംഘവും പഞ്ചാരിമേളത്തോടെ അകമ്പടി സേവിച്ചു.
ഉച്ചക്കുശേഷം വടക്കുനിന്ന് ഒടുവങ്ങാട്, മോഴിക്കുന്നം, ചളിർക്കാട്, നാമ്പുള്ളിപ്പുര, കയറംകോടം, ഏറ്റുപൊറ്റ, വടക്കുംപുറം, കൊളമുള്ളി, പുളിയംപുള്ളി ദേശ വേലകളും, പടിഞ്ഞാറുനിന്ന് മന്ദത്ത്കാവ്, കീഴ്പ്പാടം, കുട്ടുപാത, ചുങ്കം സെന്റർ, വഴുക്കപ്പാറ, കുളംകുന്ന്, പുന്ന, മൂത്തേടം, തീപറമ്പ്, ലക്ഷം വീട്, തലപ്പൊറ്റ ദേശ വേലകളും കിഴക്കുനിന്ന് മീനങ്ങാട്, കപ്ളിപ്പാറ, പാലക്കീഴ് ഈസ്റ്റ്, പാലകീഴ് വെസ്റ്റ്, കണക്കുപറമ്പ്, പൊരിയാനിദേശ വേലകളും നാടും നഗരവുംചുറ്റി സന്ധ്യയോടെ മുണ്ടൂർ സെന്ററിൽ ഒരുമിച്ചു തിരിച്ച് രാത്രിയോടെ ക്ഷേത്ര മൈതാനിയിൽ സംഗമിച്ചു. കാള, ഇരട്ട കാള, നാടൻ കലാരൂപങ്ങൾ, വണ്ടി വേഷങ്ങൾ, വാദ്യസംഘങ്ങൾ, കരിവീരന്മാർ, പൂക്കാവടി എന്നിവ ദേശ വേലകൾക്ക് മിഴിവേകി. അർധരാത്രിയോടെ ക്ഷേത്ര മുറ്റത്ത് നൊച്ചിമുടി ചാട്ടവും തുടർന്ന് പുലർച്ച കമ്പി തിരിവെക്കലും നടന്നതോടെ കുമ്മാട്ടി ചടങ്ങുകൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

