തലമുറകൾക്ക് വെളിച്ചമേകി മുണ്ടൂർ യുവപ്രഭാത്
text_fieldsമുണ്ടൂർ യുവപ്രഭാത് വായനശാല
വി.എ.എം നിഅമത്തുല്ല
മുണ്ടൂർ: മുണ്ടൂരിലെ കലാസാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിച്ച് തലയുയർത്തി നിൽക്കുകയാണ് മുണ്ടൂർ യുവപ്രഭാത് വായനശാല. അഞ്ച് തലമുറകളെ സർഗാത്മക വഴി നടത്തിയ പാരമ്പര്യമുണ്ട് ഈ വായനശാലക്ക്. മുണ്ടൂരിന്റെ കഥാകാരനായ മുണ്ടൂർ കൃഷ്ണൻകുട്ടി മാസ്റ്ററുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന വായനശാല ഇന്ന് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥശാലകളിലൊന്നാണ്.1968 ഡിസംബർ 29നാണ് രൂപവത്കരണം. സ്ഥാപക പ്രസിഡന്റ് പരേതനായ കെ.കെ. ശങ്കരൻ കുട്ടി മാസ്റ്ററും സെക്രട്ടറി പരേതനായ കെ.വിജയഭാസ്കരൻ മാസ്റ്ററും. പ്രവർത്തന മികവിനുള്ള അംഗീകാരമായി ഗ്രന്ഥശാലക്ക് 2011ൽ മോഡൽ വില്ലേജ് ലൈബ്രറി പദവി ലഭിച്ചു.
കൂടാതെ 2013ൽ പാലക്കാട് താലൂക്കിലെ മികച്ച ഗ്രന്ഥശാലക്കുള്ള അവാർഡും ലഭിച്ചു. 15000 ത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയം മികച്ച റഫറൻസ് ലൈബ്രറി കൂടിയാണ്. സുരേഷ് കോടൂര്, പി.വിനു, ഗായിക ചിത്ര അരുൺ, സംവിധായകൻ എം. പത്മകുമാർ, എന്നിവർ വായനശാലയുടെ സജീവ പ്രവർത്തകരായിരുന്നു. കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ രക്ഷാധികാരിയാണ്. പ്രവർത്തക സമിതി അംഗമായ എം. കാസിം 10 വർഷം ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയായിരുന്നു.
വായനശാല നിലനിർത്താനുള്ള കഷ്ടപ്പാടുകൾ ഏറെ നേരിടേണ്ടി വന്ന ആദ്യ കാലങ്ങളിൽ ഏതാനും ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യമാണ് കരുത്തായത്. പലയിടങ്ങളിലായി ചെറിയ വാടകമുറികളിലായിരുന്നു വായനശാല പ്രവർത്തിച്ചിരുന്നത്. 1987ൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി. 1989ൽ കെട്ടിടത്തിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ തറക്കല്ലിട്ടു. നാട്ടുകാരുടെയും ലൈബ്രറി കൗൺസിലിന്റെയും സഹായത്തോടെ സ്വന്തം കെട്ടിടമുണ്ടായി. മുണ്ടൂരിന്റെ മരണശേഷം അദ്ദേഹത്തിനു ലഭിച്ച അവാർഡുകളും പുസ്തക ശേഖരവും വായനശാല ഏറ്റെടുത്ത് സംരക്ഷിച്ചു വരുന്നു.
2014 മുതൽ കഥ, നോവൽ സാഹിത്യരംഗത്തെ പ്രതിഭകൾക്ക് മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡ് നൽകുന്നുണ്ട്.ആഴ്ചയിൽ ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം, നൃത്ത പരിശീലനം, സംഗീത ക്ലാസ് എന്നിവയും നടത്തിവരുന്നു. പ്രതിമാസ സാഹിത്യ - വൈജ്ഞാനിക ചർച്ചകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, സെമിനാറുകൾ, ഓണാഘോഷം, ചരിത്രോത്സവം, ബോധവൽക്കരണ ക്ലാസുകൾ, വായനാ പക്ഷാചരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നു. എസ്. ശെൽവരാജനാണ് പ്രസിഡന്റ്. പി.ചന്ദ്രശേഖരനാണ് സെക്രട്ടറി. ലൈബ്രേറിയൻ പ്രേമകുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

