ജില്ല സ്കൂൾ കായികമേള; ഫാരിസ് ഫ്ലവറല്ല, ഫയറാണ്...ഫയർ
text_fieldsചാത്തന്നൂർ: മുളയിലുയർന്ന് മുഹമ്മദ് ഫാരിസ് നേടിയത് സബ് ജൂനിയർ പോൾ വാൾട്ടിൽ ഒന്നാം സ്ഥാനം. ഉന്നത പരിശീലനം നേടി ഫൈബർ പോളുമായെത്തിയവരെ പിന്തള്ളിയാണ് പട്ടാമ്പി സെന്റ് പോൾസ് എച്ച്.എസിന്റെ താരം ഉയരം കീഴടക്കിയത്. സ്കൂളിലെ കായികാധ്യാപകൻ പ്രസാദാണ് പരിശീലകൻ.
മുളയുമായുള്ള മുഹമ്മദ് ഫാരിസിന്റെ ചാട്ടം കണ്ട് ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപിക ഷക്കീല നൽകിയ മറ്റൊരു മുളകൊണ്ടാണ് മുഹമ്മദ് ഫാരിസ് ആദ്യമായി പോൾ വാൾട്ട് ഒന്നാം സ്ഥാനം പട്ടാമ്പിയിലെത്തിച്ചത്. കൂടുതൽ ഉയരത്തിൽ ചാടുന്നതിന് ഫാരിസ് കൊണ്ടുവന്ന മുളവടി പോരെന്നു മനസ്സിലാക്കിയായിരുന്നു ഷക്കീല ടീച്ചറുടെ കൈത്താങ്ങ്.
കഴിഞ്ഞ വർഷം ജില്ലയിൽ അഞ്ചാം സ്ഥാനം നേടിയിരുന്നു മുഹമ്മദ് ഫാരിസ്. ഇക്കൊല്ലം 2.60 മീറ്റർ ചാടിയാണ് ഒന്നാം സ്ഥാനം കൈയിലൊതുക്കിയത്. പട്ടാമ്പി കരിമ്പുള്ളി ഓണപ്പറമ്പിൽ മുനീറിന്റെയും ലുബാബത്തിന്റെയും മകനാണ് ഈ പത്താം ക്ലാസുകാരൻ. പരിമിത പരിശീലന സൗകര്യങ്ങൾക്കുള്ളിൽ നിന്നാണ് ഫാരിസ് സ്വപ്നനേട്ടം സ്വന്തമാക്കിയത് എന്നത് വിജയത്തിന് തിളക്കമേറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

