തിരക്ക് കുറക്കാൻ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നുമുതൽ
text_fieldsപാലക്കാട്: ഓണത്തിരക്ക് കുറക്കാൻ കൂടുതൽ ബസുകൾ നിരത്തിലിറക്കി കെ.എസ്.ആർ.ടി.സി. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ചൊവ്വാഴ്ച മുതൽ ആവശ്യാനുസരണം 12 മുതൽ 20 വരെ ബസുകൾ അധികമായി സർവിസ് നടത്തുമെന്ന് ഡി.ടി.ഒ അറിയിച്ചു. നിലവിൽ പാലക്കാട് (78), വടക്കഞ്ചേരി (25), മണ്ണാർക്കാട് (25), ചിറ്റൂർ (30) എന്നിങ്ങനെയാണ് വിവിധ ഡിപ്പോകളിലെ സർവിസുകളുടെ എണ്ണം.
ഓണം പ്രമാണിച്ച് 20 സർവിസുകൾ കൂടി അധികമായി ആരംഭിക്കും. പ്രധാനമായും യാത്രക്കാരുടെ ബാഹുല്യം പ്രതീക്ഷിക്കുന്ന പാലക്കാട്-കോഴിക്കോട്, പാലക്കാട്-തൃശൂർ റൂട്ടുകളിലായിരിക്കും കൂടുതൽ ബസുകൾ ഓടിക്കുക. തിരക്ക് കുറവുള്ള മറ്റു റൂട്ടുകളിലെ ബസുകൾ ആവശ്യാനുസരണം ക്രമീകരിക്കുകയും ചെയ്യും. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ നിലവിൽ ആവശ്യത്തിന് സർവിസുണ്ട്. പുറമേ തമിഴ്നാട് ബസുകളുമുള്ളതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ല. അവധി തുടങ്ങുന്ന ദിവസമായതിനാൽ ചൊവ്വാഴ്ച നല്ല തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. ഉത്രാടത്തിനും തിരക്കുണ്ടാവും. തിരുവോണത്തിനും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും തിരക്ക് കുറവായിരിക്കും. അതേസമയം, അവധി കഴിഞ്ഞുള്ള മടക്കയാത്രയുടെ തിരക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ഉണ്ടാവും. ഈ ദിവസങ്ങളിലും അധിക സർവിസിന് കോർപറേഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. കേരളത്തിൽനിന്ന് പാലക്കാട്-സേലം വഴി ബംഗളൂരുവിലേക്കും തിരിച്ചും സ്വിഫ്റ്റ് ബസുകൾ ആവശ്യത്തിനുണ്ട്. അതോടൊപ്പം കർണാടക എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

