തട്ടിപ്പിന് തലവെച്ച് ജനം; പണം കായ്ക്കുന്ന മരം, വിൽപനയുടെ ഇന്ദ്രജാലം
text_fieldsപാലക്കാട്: 'കുറഞ്ഞ തുക നൽകി അംഗത്വമെടുക്കുേമ്പാൾ അതേ മൂല്യത്തിലുള്ള നിത്യോപയോഗ ഉൽപന്നങ്ങൾ നിങ്ങൾക്ക് ലഭിക്കും. പിന്നെ നിങ്ങൾ കൂടുതൽ ആളുകളെ ചേർക്കുേമ്പാൾ അതിനനുസരിച്ച് കമീഷൻ, ടൂർ, കാർ...' റിട്ടയേർഡ് അധ്യാപികയോട് ആദ്യം മാർക്കറ്റിങ്ങിനെത്തിയ പഴയ വിദ്യാർഥി പറഞ്ഞതിങ്ങനെയാണ്. മോശമല്ലാത്ത ഒരു തുക നൽകി അംഗത്വമെടുത്ത അധ്യാപികക്ക് സോപ്പും പൗഡറും സർവരോഗ നിവാരിണികളായ സിദ്ധൗഷധങ്ങളുമടക്കം സഞ്ചിക്കണക്കിന് ഉൽപന്നങ്ങളും വന്നു. ഭൂരിഭാഗവും അടിസ്ഥാന നിലവാരം പോലുമില്ലാത്തവ. വാട്സ്ആപ് ഗ്രൂപ്പും മോട്ടിവേഷൻ ക്ലാസും പൊടിപൊടിക്കുന്നതിനിടെ കൂടുതൽ ആളെ ചേർക്കാനുള്ള സമ്മർദവും ഏറിവന്നു... ലോക്ഡൗണിൽ പ്രതീക്ഷയറ്റ് ആളുകൾ വീട്ടിലിരുന്നപ്പോഴും മണിചെയിനും മാർക്കറ്റിങ് തട്ടിപ്പുകളും ജില്ലയിൽ തഴച്ചുവളരുന്നതാണ് കണ്ടത്.
'അൽപം പുല്ലും വെള്ളവും ഇടക്കല്പ്പം പിണ്ണാക്കും ഉണ്ടെങ്കില്‍ പാലിങ്ങനെ ശറ പറാന്ന് ഒഴുകി വരും' നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡയലോഗ് ആരും ഒാർമിച്ചുപോകും, ഇത്തരക്കാരുടെ വാഗ്ദാനങ്ങൾ കേട്ടാൽ. വീട്ടമ്മമാർ മുതൽ പ്രഫഷനലുകൾ വരെ നീളുന്ന ചങ്ങലകൾ. ചുരുങ്ങിയ നാളുകൾക്കുള്ളിൽ നിക്ഷേപമിരട്ടിക്കുന്നതിെൻറയും സർവ അസുഖ സംഹാരികൾ വിറ്റ് കോടീശ്വരനാവുന്നതിെൻറയും സ്വപ്നങ്ങളിൽ മയങ്ങി ഉണർന്നപ്പോഴേക്കും കൈയിലുണ്ടായിരുന്ന സമ്പാദ്യത്തിൽ വലിയപങ്കും നഷ്ടപ്പെട്ടവർ ജില്ലയിൽ നിരവധിയാണ്.
സോപ്പ്, ചീപ്പ്, കുപ്പി
നെറ്റ്വർക്ക് മാർക്കറ്റിങ്ങാണ് കോവിഡിൽ ജില്ലയിൽ തഴച്ച മറ്റൊരു സംരംഭം. അംഗത്വമെടുത്താൽ നിത്യോപയോഗ സാധനങ്ങൾ ശറപറാന്ന് വരും. കൂടുതൽ ആളെ ചേർത്താൽ കമീഷൻ, ഉൽപന്നങ്ങൾ വിറ്റാൽ കമീഷൻ... വാഗ്ദാനങ്ങളിങ്ങനെ പോകുന്നു. ഗ്രാമ-നഗര ഭേദമേന്യ ഒാഫിസുകൾ തുറന്നാണ് പ്രവർത്തനം.
ഗുണനിലവാര മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇക്കൂട്ടർ ഉൽപന്നങ്ങൾ നൽകുന്നത്. വിവിധ പഴങ്ങളുടെയും പച്ചക്കറികളുടെയും പേരിൽ നിറമുള്ള ഒൗഷധങ്ങൾ സർവരോഗ സംഹാരികളായി വിറ്റഴിക്കുന്നതിനൊപ്പം അനുഭവസ്ഥരുടെ സാക്ഷ്യം കൂടിയാവുേമ്പാൾ തട്ടിപ്പിന് കളമൊരുങ്ങുകയായി.
ഡയറക്ട് മാര്ക്കറ്റിങ്ങിെൻറ ചുവടുപിടിച്ച് മണിചെയിന്‍ മാതൃകയില്‍ ആരംഭിച്ച തട്ടിപ്പിലേറെയും ഗ്രാമീണരെ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. ചെറിയ അധ്വാനംകൊണ്ട് അതിവേഗം സമ്പന്നരാകാമെന്ന് പറഞ്ഞ് വ്യക്തിത്വ വികസന ക്ലാസുകള്‍ നല്‍കിയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തട്ടിപ്പുകാര്‍ ഇരകളെ വശീകരിക്കുന്നത്. നിലവിലുള്ള വരുമാനവും ജോലിയും കളയാതെ ഒഴിവുള്ള സമയം മാത്രം ചെലവഴിച്ച് വന്‍ സാമ്പത്തിക അഭിവൃദ്ധി നേടാമെന്നും സമൂഹത്തില്‍ അറിയപ്പെടുന്നവനാകാമെന്നും മറ്റും പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ കുരുക്ക് മുറുക്കുന്നത്.
വടിയെടുത്താൽ പൊടികാണില്ല
പണം പലിശക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും നിരവധിയാളുകൾ ഇവയിൽ ചേരുന്നതോടെ ഇവയുടെ ഉന്നതർ മുങ്ങുന്നതാണ് പതിവ്.
തമിഴ്നാട് വിജിലൻസ് അടുത്തകാലത്ത് കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ എന്നിവടങ്ങളിൽ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധന ഊർജിതമാക്കിയതോടെ പലരുടെയും പണം വെള്ളത്തിലായെന്ന് പാലക്കാട്ട് നിന്നടക്കമുള്ള നിക്ഷേപകർ രഹസ്യമായി സമ്മതിക്കുന്നു. സമാന സംഭവങ്ങൾ പൊലീസിലോ മറ്റിടങ്ങളിലോ പരാതിപ്പെടരുതെന്നും പരാതിപ്പെട്ട് തുടർനടപടികൾ ഉണ്ടായാൽ നിക്ഷേപകരുടെ തുക ലഭിക്കിെല്ലന്നുമുള്ള ഭീഷണിയെ തുടർന്ന് പണം നിക്ഷേപിച്ച പലരും ആശങ്കയിലാണ്.
ചങ്ങലയിൽ തളക്കുന്ന മാഫിയ
ഒരിടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും മണിചെയിൻ മാഫിയ പിടിമുറുക്കുകയാണെന്ന് പൊലീസും സമ്മതിക്കുന്നു. ചിട്ടി മുതൽ ഇരട്ടിപ്പ് വരെ തട്ടിപ്പിന് തലവെച്ച് കോടിക്കണക്കിനു രൂപയും സമ്പത്തും നഷ്ടപ്പെട്ട മലയാളികളെ കുരുക്കാന്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തിയാണ് വിരുതന്മാർ സജീവമാകുന്നത്. മിക്ക തട്ടിപ്പുകളിലും മാസതവണകളായോ, സ്ഥിരം നിക്ഷേപമായോ പണം അടച്ചാല്‍ ഏതാനും മാസത്തിലധികം ഇരട്ടിയിലധികം തിരികെ തരാമെന്നാണ് ഇരകളെ വിശ്വസിപ്പിക്കുക. പിരമിഡ് മാതൃകയിലുള്ള മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് നിരോധനമുള്ളതുകൊണ്ടുതന്നെ അന്തർ സംസ്ഥാന അയൽ ജില്ലകളിൽ ഓഫിസ് സ്ഥാപിച്ചാണ് ജില്ലയിൽ തട്ടിപ്പ് വ്യാപിക്കുന്നത്. പാലക്കാട് നഗരത്തിൽ അടുത്തിടെ തട്ടിപ്പിനിരയായവർ മണിചെയിൻ പ്രധാന കണ്ണിയായ യുവതിയെ ദിവസം മുഴുവൻ ഉപരോധിച്ചിരുന്നു. നാണക്കേട് ഭയന്ന് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പരാതി നൽകാറില്ലെന്ന് പൊലീസ് പറയുന്നു.
ചിലരാകെട്ട പൊതുമേഖല സ്ഥാപനങ്ങളുടെ പേരിന് സമാനമായ പേരാണ് സ്വീകരിക്കുക.ഒറിജിനലിനെ വെല്ലുന്ന വ്യാജനെന്ന് അനുഭവസ്ഥർ പറയും. ഒരുലക്ഷം രൂപ 150 ദിവസം കൊണ്ട് രണ്ട് ലക്ഷമാക്കി തിരികെ തരാമെന്നും 50,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആഴ്ചയിൽ ഉയർന്ന തോതിൽ പലിശ തരാമെന്ന വാഗ്ദാനത്തിലും കുടുക്കിയുമാണ് തട്ടിപ്പ് അരങ്ങേറുന്നത്.ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാകട്ടെ മുമ്പ് പലവിധ തട്ടിപ്പിലൂടെ ഈ മേഖലയില്‍നിന്ന് കോടികള്‍ സമ്പാദിച്ചവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

