വരുന്നൂ, കാഞ്ഞിരപ്പുഴയിൽ ആധുനിക ഉദ്യാനം
text_fieldsകാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴയിൽ നിര്‍മിക്കുന്ന പുതിയ ആധുനിക ഉദ്യാനത്തിന്റെ രൂപരേഖയായി. ഒരാഴ്ചക്കകം വിശദമായ പദ്ധതി രേഖ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉദ്യോഗസ്ഥർക്ക് സമർപ്പിക്കും. ഓഷ്യനേറിയം, ഗാര്ഡന്, ഫ്ലവര്‍ ഗാര്ഡന്, ജലകേന്ദ്രീകൃത ഉല്ലാസ സൗകര്യങ്ങള്‍ എന്നിവയാണ് ഉദ്യാനത്തിലുണ്ടാവുക. വിനോദസഞ്ചാര പാനലിലെ ആര്‍ക്കിടെക്ട് സംഘം സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ രൂപരേഖ കാഞ്ഞിരപ്പുഴ ഐ.ബിയില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.
ഓഷ്യനേറിയം, കുള്ളന്‍ ഗുഹകള്‍, ആംഫി തിയറ്റര്‍, റസ്റ്റാറന്റ്, ഫ്ലവര്‍ ഗാര്ഡന്, ഉയര്‍ത്തിയ പൂന്തോട്ടം, വാട്ടര്‍ സ്ലൈഡ് ഉള്‍പ്പടെ 21 ഇനം സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏഴ് കോടി 62 ലക്ഷം രൂപയിലധികം ചെലവ് വരുന്ന പദ്ധതിയുടെ രൂപയുടെ രൂപരേഖയാണ് പ്രദര്‍ശിപ്പിച്ചത്. ഭേദഗതികള്‍ വരുത്തിയാണ് അംഗീകരിച്ചത്. കേരളത്തില്‍ തന്നെ അത്യപൂർവമായ ഓഷ്യനേറിയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് നീക്കം.
പത്ത് ദിവസത്തിനകം വിശദമായ പദ്ധതി രേഖ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഓഫിസില്‍ സമര്‍പ്പിക്കാന്‍ ആര്‍ക്കിടെക്ടിന് നിര്‍ദേശം നല്കി. പദ്ധതി രേഖ പരിശോധിച്ച് ഐ.ഡി.ആര്.ബി ചീഫ് എൻജിനീയര്‍ക്ക് സാങ്കേതിക അനുമതിക്കായി സമര്‍പ്പിക്കും. ലഭ്യമാകുന്ന മുറക്ക് ടെൻഡര്‍ നടപടികൾ സ്വീകരിക്കും. ലോക ബാങ്കിെൻറ ധനസഹായത്തോടെ മൂന്ന് കോടി രൂപ ചെലവില്‍ കാഞ്ഞിരപ്പുഴ ഡാമിന് താഴെ ചെക്ഡാമിന്റെ ഇടതു വശത്തും നിലവിലെ ഉദ്യാനത്തിന് എതിര്‍വശത്തുമായുള്ള രണ്ടേക്കര്‍ ഭൂമിയിലാണ് പുതിയ ഉദ്യാനം നിര്‍മിക്കുക. ഉദ്യാന വിപുലീകരണ യോഗത്തില്‍ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി, ജില്ല പഞ്ചായത്ത് അംഗം റെജി ജോസ്, പഞ്ചായത്ത് അംഗം കെ. ജയ, ഡി.ടി.പി.സി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ്, ആര്‍ക്കിടെക്ട് സി.പി. സുനില്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയര്‍ ലെവിന്‍സ് ബാബു കോട്ടൂര്‍, ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാഫി, എസ്. വിജു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.