വരുമാനമില്ല; മിനി റൈസ് മില്ലുകൾ പ്രതിസന്ധിയിൽ
text_fieldsപാലക്കാട്: അരിയും മുളകും മല്ലിയും പൊടിപ്പിക്കാൻ ആളില്ലാതായതോടെ ജില്ലയിലെ മിനി റൈസ്, ഫ്ലവർ, ഓയിൽ മില്ലുകൾ പ്രതിസന്ധിയിൽ. പൊടികളെല്ലാം പാക്കറ്റ് രൂപത്തിൽ വിപണികളിൽ ലഭ്യമായതിനാൽ വലിയ അളവിൽ പൊടിയാക്കി ഉപയോഗിക്കുന്നവർ വിരളമായി. കൊയ്ത്ത് യന്ത്രത്തിന്‍റെ വരവോടെ നെല്ല് പാടത്തുനിന്നും തന്നെ അരിയാക്കാൻ പറ്റുന്ന സംവിധാനവും റെഡിമെയ്ഡ് ചപ്പാത്തികൾ, പുട്ടുപൊടി തുടങ്ങിയവയുടെ വരവുമൂലം ഗോതമ്പ്, അരി എന്നിവയുടെ പൊടിക്കലും നിലച്ചു.
ഇതെല്ലാം മേഖലക്ക് കനത്ത തിരിച്ചടിയായെന്നും കഴിഞ്ഞ രണ്ട് വർഷമായി ജില്ലയിലെ മൂവായിരത്തോളം മിനി റൈസ് മില്ലുകൾ പൂട്ടിക്കിടക്കുകയാണെന്നും ജില്ല റൈസ്, ഫ്ലോർ ആൻഡ് ഓയിൽ മിനി മില്ലേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ടി.കെ. വിശ്വനാഥൻ പറഞ്ഞു. ഉപയോഗമില്ലാത്തതിനാൽ യന്ത്രങ്ങളും കേടായിതുടങ്ങി. മറ്റ് ആവശ്യങ്ങൾക്കൊന്നും ഇവ ഉപയോഗിക്കാനാവില്ല. സീസൺ സമയത്ത് മാത്രമാണ് കൊപ്ര ആട്ടുന്നത്. തേങ്ങ വില വർധനവ് മൂലം അതും കുറഞ്ഞതായി മില്ലുടമകൾ പറയുന്നു.
തൊഴിലും വരുമാനവും ഇല്ലാതായതോടെ മിനി മില്ലുകളെ ആശ്രയിച്ചിരുന്ന തൊഴിലാളികളും മറ്റു മേഖലകളിലേക്ക് ചുവടുമാറ്റി. മുമ്പ് മാസത്തിൽ 70 കിലോ മുളക്, മല്ലി, 50 കിലോ ഗോതമ്പ്, പച്ചരി എന്നിവയെല്ലാം മില്ലുകളിൽ പൊടിക്കാൻ വരുമായിരുന്നു. എന്നാൽ ഇപ്പൊ ഇവയൊന്നും ഇല്ലെന്നും ഉടമകൾ പറഞ്ഞു. മില്ലുകൾ പൂട്ടിക്കിടക്കുകയാണെങ്കിലും എല്ലാ വർഷവും ലൈസൻസ് പുതുക്കണം. ഓരോ തദ്ദേശസ്ഥാപനത്തിലും പല വിധത്തിലാണ് ഫീസ് ഈടാക്കുന്നതെന്നും ടി.കെ. വിശ്വനാഥൻ പറഞ്ഞു.
കൂടാതെ മില്ലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളോ മറ്റു മാലിന്യങ്ങളോ ഇല്ലാത്തതിനാലും സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാത്തതിനാലും ഹരിതകർമസേനയുടെ യൂസേഴ്സ് ഫീസിൽനിന്നും ഒഴിവാക്കി തരണമെന്നും സംഘടന ആവശ്യപ്പെട്ടു. വരുമാനം തീരെയില്ലാത്ത മില്ലുകൾക്ക് വർധിപ്പിച്ച ലൈസൻസ് ഫീസും തൊഴിൽ നികുതിയും താങ്ങാവുന്നതിലും അപ്പുറമാണ്. വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്കും പാലക്കാട് പഞ്ചായത്ത് ഡയറക്ടർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ടി.കെ. വിശ്വനാഥൻ പറഞ്ഞു. അടച്ചുപൂട്ടലിലും പ്രതിസന്ധിയിലും മുന്നോട്ടുപോകുന്ന മില്ലുകൾക്ക് തൊഴിൽ നികുതിയും ലൈസൻസ് ഫീസും പഴയ നിരക്കിൽ തന്നെ നിലനിർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

