ഇന്ദുചൂഡന് കാവശ്ശേരിയിൽ സ്മാരകം: നടപടി തുടങ്ങി; 70 ലക്ഷമാണ് കണക്കാക്കിയിരിക്കുന്ന ആകെ ചെലവ്
text_fieldsകാവശ്ശേരിയിൽ ഒരുക്കുന്ന സ്മാരകത്തിന്റെ മാതൃക. (ഇൻസൈറ്റിൽ കെ.കെ.നീലകണ്ഠൻ)
ആലത്തൂർ: ഇന്ത്യയിലെ പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡൻ എന്ന കെ.കെ. നീലകണ്ഠന് ജന്മനാടായ കാവശ്ശേരിയിൽ സ്മാരകത്തിനായി നടപടി പുരോഗമിക്കുന്നു. 1923 ഏപ്രിൽ 15ന് കാവശ്ശേരിയിലെ കൊങ്ങാളക്കോട് എന്ന ഗ്രാമത്തിലാണ് ഇന്ദുചൂഡൻ ജനിച്ചത്. 1992 ജൂൺ 14നാണ് മരണപ്പെട്ടത്. 23ാം ചരമവാർഷികത്തിന് മുമ്പ് സ്മാരകത്തിന് ശിലയിടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജന്മനാട്.
കഴനി ചുങ്കം-ചെമ്പൻകാട് റോഡിൽ പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയും വായനശാലയും പ്രവർത്തിച്ചിരുന്ന 13 സെൻറ് വരുന്ന സ്ഥലത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് സ്മാരകം നിർമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. രമേഷ്കുമാർ പറഞ്ഞു. ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 70 ലക്ഷമാണ്. അതിൽ 25 ലക്ഷം സാംസ്കാരിക വകുപ്പും 30 ലക്ഷം കാവശ്ശേരി ഗ്രാമ പഞ്ചായത്തും തരൂർ എം.എൽ.എയുടെ ഫണ്ടിൽ 15 ലക്ഷവുമാണ് ഉപയോഗപ്പെടുത്തുന്നത്. ആലത്തൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്.
കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായാണ് ഇന്ദുചൂഡനെ കരുതുന്നത്. പ്രകൃതിസ്നേഹം ജന്മസിദ്ധ വാസനയായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ കാവശ്ശേരിയിലെ വീട്ടിലും പരിസരങ്ങളിലും പക്ഷികളെ നിരീക്ഷിക്കാൻ തുടങ്ങി. കേരളത്തിലെ പ്രകൃതി സംരക്ഷണ സമിതി, കേരള നാച്വറൽ ഹിസ്റ്ററി എന്നീ സംഘടനകളുടെ അധ്യക്ഷനായിരുന്നു.
1979ൽ സൈലന്റ് വാലി പ്രക്ഷോഭം നയിച്ചതും ഇന്ദുചൂഡനായിരുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗവുമായിരുന്നു. അദ്ദേഹത്തിന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകം മലയാള സാഹിത്യത്തിലെ ഉത്തമ കൃതിയായി കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

