ഗതാഗതക്കുരുക്ക് രൂക്ഷം; മേലാമുറി ബസ് ബേ നിർമാണം ഫയലിൽ
text_fieldsപാലക്കാട്: ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമുൾപ്പെടുന്ന മേലാമുറി ജങ്ഷനിൽ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോഴും മേലാമുറിയിലെ ബസ് ബേ നിർമാണം ഫയലുകളിൽ. പതിറ്റാണ്ടുകൾക്കുമുമ്പ് പ്രഖ്യാപിച്ച മേലാമുറി ബസ് ബേ മാറിമാറി വന്ന ഭരണസമിതികളൊന്നും അറിഞ്ഞ മട്ടില്ലായിരുന്നു.
2020ൽ മേലാമുറി ബസ് ബേ നിർമാണത്തിന് പദ്ധതികളൊരുങ്ങിയെങ്കിലും കോവിഡ് കാലമായതോടെ വീണ്ടും നിർമാണം ഫയലുകളിലായി. തിരക്കേറിയ കവലയിൽ ഗതാഗതക്കുരുക്ക് കച്ചവടക്കാരെയും വാഹനയാത്രക്കാരെയും നട്ടം തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. മേഴ്സി കോളജ്, പറളി, മാർക്കറ്റ് റോഡ്, വടക്കന്തറ റോഡ് എന്നീ റോഡുകൾ സംഗമിക്കുന്ന പ്രധാന കവലകൂടിയാണ് മേലാമുറി ജങ്ഷൻ. രാപകലന്യേ നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും പാലക്കാട് ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസ്സുകളടക്കം നിരവധി ബസുകളാണ് മേലാമുറി വഴി കടന്നുപോകുന്നത്. തിരക്കേറിയ കവലയിൽ ബസ്സുകളും ചരക്കുവാഹനങ്ങളും മുഖാമുഖമെത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.
പറളി ഭാഗത്തേക്കുള്ള ബസ്സുകൾ നിർത്തുന്നതിന് മതിയായ സ്ഥലമില്ലാത്തതും കുരുക്കിന് കാരണമാണ്. ഇതിനു പുറമെ മേപ്പറമ്പ്, തിരുനെല്ലായി ചക്കാന്തറ ഭാഗത്തുനിന്നും മാർക്കറ്റിലേക്ക് ചരക്കുമായെത്തുന്ന വണ്ടികളുടെ ബാഹുല്യവും മേലാമുറിയെ ഗതാഗതക്കുരുക്കിലാക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് മേലാമുറി ബസ് ബേ നിർമാണത്തിന് മേലാമുറി-മേപ്പറമ്പ് റോഡിൽ സ്ഥലം കണ്ടെത്തിയത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബസ്ബേ നിർമിക്കാനുദ്ദേശിച്ചത്.
പദ്ധതിക്ക് ഫണ്ടനുവദിച്ചിട്ടും തുടർ പ്രവൃത്തികളൊന്നും നടന്നില്ല. മേലാമുറി ബസ്ബേ യാഥാർഥ്യമായാൽ മേലാമുറി ജങ്ഷനിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവും. ജങ്ഷനിൽ ബസുകൾ ഒന്നിനു പുറികെ ഒന്നായി നിർത്തിയിടുന്നതു മൂലം ഇതര വാഹനങ്ങൾക്കുപോലും കടന്നുപോവാനാവാത്ത സ്ഥിതിയാണ്. ബസ്ബേ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാവശ്യം ശക്തമായിട്ടും അധികൃതർ കണ്ണടക്കുകയാണ്.
ബസുകൾ നിർത്തുന്നത് തോന്നുംപടി
പാലക്കാട്: ഏറെ ഗതാഗത തിരക്കുള്ള നഗരത്തിലും പരിസരത്തും ബസുകൾ നിർത്തുന്നത് തോന്നുംപടി. യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും പലയിടത്തും ബസ് ബേകൾ ഉണ്ടെങ്കിലും പലരും ഉപയോഗിക്കാറില്ല. സ്റ്റോപ്പുകളിൽ ഒരു വശം ചേർത്ത് നിർത്തുന്നതിന് പകരം റോഡിൽ തന്നെ നിർത്തുകയാണ് പതിവ്. ഇത് ഗതാഗത കുരുക്കിനും അപകടത്തിനും കാരണമാകുന്നുണ്ടെങ്കിലും അധികൃതരും ഇതിന് നടപടിയെടുക്കാറില്ല.
സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റുന്നത് പെട്ടെന്ന് ബസുകൾ നിർത്തുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ഏറെ ഗതാഗത തിരക്കുള്ള കൊടുന്തിരപ്പുള്ളി പൂടൂർ റൂട്ടിൽ രാവിലെയും വൈകീട്ടും ഇതുകാരണം ഗതാഗത കുരുക്ക് നിത്യസംഭവമാണ്. നഗരത്തിൽ എസ്.ബി.ഐ ജങ്ഷൻ, സ്റ്റേഡിയം ബൈപാസ് റോഡ്, കോട്ടമൈതാനും എന്നിവിടങ്ങളിലും ബസുകൾ നിർത്തുന്നത് തോന്നും പടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

