ചികിത്സ പിഴവ്; ഒമ്പതുവയസുകാരിയുടെ കുടുംബം കലക്ടർക്ക് നിവേദനം നൽകി
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടർന്ന് വലതുകൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശന സ്വദേശിനി വിനോദിനിയുടെ (ഒമ്പത്) കുടുംബം നീതിതേടി ജില്ല കലക്ടറെ സമീപിച്ചു. കുട്ടിയുടെ മാതാവ് പ്രസീത, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സഫിയ ഇക്ബാലിനോടൊപ്പമെത്തിയാണ് നിവേദനം നൽകിയത്.
കുട്ടിയുടെ തുടർചികിത്സ, വിദ്യാഭ്യാസം, കുടുംബത്തിന് സുരക്ഷിതമായ ഒരു വീട് എന്നിവ ഉറപ്പുവരുത്തി കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ ഇടപെടണമെന്നാണ് പ്രധാന ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും രണ്ട് ലക്ഷം രൂപ നിലവിൽ അനുവദിച്ചിട്ടുണ്ടെങ്കിലും, കുട്ടിക്കും കുടുംബത്തിനുമുണ്ടായ തീരാനഷ്ടത്തെ നികത്താൻ ഈ ചെറിയ തുക ഒട്ടും പര്യാപ്തമല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മറ്റ് വാഗ്ദാനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് കുടുംബം വീണ്ടും അധികൃതരെ സമീപിച്ചത്. നേരത്തെ മന്ത്രി കെ. കൃഷ്ണൻകുട്ടി, ശിശുക്ഷേമ വകുപ്പ്, ചൈൽഡ് ലൈൻ, പട്ടികജാതി വിഭാഗം ഓഫിസർ എന്നിവർക്കും പരാതി നൽകിയിരുന്നു.
കുടുംബത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മറ്റൊരു നിവേദനവും നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് സഫിയ ഇക്ബാൽ, ജില്ല വൈസ് പ്രസിഡന്റ് എ.പി. സീനത്ത്, ജില്ല കമ്മിറ്റി അംഗം ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

