മാട്ടുമന്ത പൊതുശ്മശാന വിവാദം; സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള ഷെഡ് നിർമാണം നഗരസഭ ഏറ്റെടുത്തു
text_fieldsപാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ മഴ കൊള്ളാതെ സംസ്കാര ചടങ്ങുകള്‍ നടത്താനുള്ള ഷെഡ് നിർമാണവും മതില് നിര്‍മാണവും നഗരസഭ ഏറ്റെടുത്തു. സ്പോണ്‍സര്‍ഷിപ്പോടുകൂടി പ്രവര്‍ത്തികള്‍ മുനിസിപ്പാലിറ്റി നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അറിയിച്ചു.
ഷെഡ് നിർമിക്കാന്‍ മുനിസിപ്പാലിറ്റി നല്കിയ 20 സെന്റ് സ്ഥലത്ത് അനധികൃതമായി എൻ.എസ്.എസ് ഭാരവാഹികള്‍ മതില് നിര്‍മിച്ച വാര്‍ത്ത വിവാദമായ പശ്ചാത്തലത്തിലാണ് ചെയർപേഴ്സന്റെ പ്രതികരണം. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എൻ.എസ്.എസ് കരയോഗം ഭാരവാഹികള്‍ മതില്‍കെട്ടി തിരിച്ചത്. നീക്കത്തിന് പിന്നില്‍ നഗരസഭയാണെന്ന് പൊതുപ്രവര്ത്തകന് ബോബന് മാട്ടുമന്ത ആരോപിച്ചിരുന്നു. ‘ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്. അവിടെയാണ് വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് സ്ഥലം മാര്‍ക്ക് ചെയ്തുകൊടുത്തത്. സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ശ്രമം’- എന്നായിരുന്നു ആരോപണം.
ശ്മശാനത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളില്‍ ഷെഡ് കെട്ടണമെന്ന് ആവശ്യപ്പെട്ടതോടെ കൗണ്‍സിലിൽ വെച്ച് അംഗീകാരം നല്‍കുകയായിരുന്നെന്നാണ് ചെയര്‍പേഴ്സണ്‍ പ്രതികരിച്ചത്. ‘ഏത് സംഘടന വന്നാലും അനുമതി കൊടുക്കും.
ജാതി പ്രശ്നമേയല്ല. എല്ലാവര്ക്കും വേണ്ടിയാണ് തങ്ങള്‍ ഷെഡ് കെട്ടുന്നതെന്ന് എൻ.എസ്.എസ് അറിയിച്ചതുകൊണ്ടാണ് സ്ഥലം അനുവദിച്ചത്’- ചെയര്‍പേഴ്സണ്‍ പ്രതികരിച്ചു. എന്നാല്‍ നടപടി വിവാദമായ സാഹചര്യത്തില്‍ ഷെഡ് നിര്‍മാണനടപടികള്‍ സ്പോണ്‍സര്‍ഷിപ്പോട് കൂടി നഗരസഭ ഏറ്റെടുക്കാനാണ് തീരുമാനം.
ശ്മശാനത്തിൽ 20 സെന്റ് ചോദിച്ച് വിവിധ സമുദായ സംഘടനകൾ
പാലക്കാട്: എൻ.എസ്.എസിന് പിന്നാലെ പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ മഴ കൊള്ളാതെ സംസ്കാര ചടങ്ങുകള്‍ നടത്താൻ 20 സെന്റിന് അനുമതി ചോദിച്ച് വിവിധ സമുദായ സംഘടനകൾ രംഗത്തെത്തി. കാളിപ്പാറ ഈഴവ സമുദായം,കാളിപ്പാറ വിശ്വകർമ്മ സമുദായം ,മാട്ടുമന്ത മുരുകണി ചെറുമ സമുദായം, കുണ്ടുകാട് ഈഴവ സമുദായം എന്നിവരാണ് പാലക്കാട് നഗരസഭ സെക്രട്ടറിക്ക് പൊതുശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്താൻ സ്ഥലം ചോദിച്ച് അപേക്ഷ നൽകിയത്. ഏത് സംഘടന വന്നാലും അനുമതി കൊടുക്കുമെന്ന ചെയർപേഴ്സന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് അപേക്ഷകളെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

