പാലക്കാട്ട് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച
text_fieldsപാലക്കാട്: കൽമണ്ഡപം പ്രതിഭാ നഗറിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. സ്വർണവും പണവുമായി 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. പ്രതിഭ നഗർ ലൈൻ വണ്ണിൽ ശാന്തിനിയിൽ വി. ശിവദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. വീടിന്റെ മുൻവാതിൽ കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടുകാർ വിനോദയാത്രക്കായി തിരുവനന്തപുരത്തേക്ക് പോയതിനാൽ മൂന്ന് ദിവസമായി വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട് വൃത്തിയാക്കാൻ ജോലിക്കാരിയെ ഏൽപിച്ചിരുന്നു. ഇവർ ബുധനാഴ്ച രാവിലെ ഏഴരയോടെ അയൽവാസിയിൽനിന്ന് താക്കോല്‍ വാങ്ങി അകത്തേക്ക് കടക്കുന്നതിനിടെയാണ് വീടിന്റെ വാതിൽ പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കസബ പൊലീസ് ബന്ധുക്കളുടെ സഹായത്തോടെ അകത്ത് ചെന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വീടിനകത്തെ അലമാരയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. പൊലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തില്‍ മുഖം മറച്ചെത്തിയ ഒരാള്‍ ഗേറ്റ് ചാടി അകത്തേക്ക് കടക്കുകയും മുന്നിലെ വാതില്‍ കമ്പിപ്പാര കൊണ്ട് പൊളിച്ച് സമീപം വെക്കുന്നതും കണ്ടെത്തിയിട്ടുണ്ട്.
മോഷണത്തിന് പിന്നില്‍ ഒരാളെന്നാണ് നിഗമനം. ശിവദാസിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനുപുറമേ സമീപത്തെ വിദേശത്ത് താമസിക്കുന്നവരുടെ മാസങ്ങളായി പൂട്ടിക്കിടക്കുന്ന രണ്ട് വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇതിൽ നാരായണൻ എന്നയാളുടെ വീട്ടിൽനിന്ന് 20,000 രൂപ നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.
പുലർച്ചെ മൂന്ന് വരെ മോഷ്ടാവ് പ്രദേശത്ത് കറങ്ങിനടന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സി.സി.ടി.വി ദൃശ്യത്തിന്റെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പ്രതിയെ പിടികൂടാൻ കസബ പൊലീസ് ശ്രമം തുടങ്ങി. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം. നഗരത്തിൽ നിരവധി വീടുകൾ ഇടതിങ്ങി സ്ഥിതി ചെയ്യുന്ന കോളനിയിൽ ഇത്ര വലിയൊരു മോഷണം നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

