മരമില്ലിൽ വൻ അഗ്നിബാധ; 80 ലക്ഷം രൂപയുടെ നഷ്ടം
text_fieldsമുട്ടിക്കുളങ്ങര മരമില്ലിലുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേന അണക്കുന്നു
മുട്ടിക്കുളങ്ങര: മരമില്ലിൽ വൻ തീപിടിത്തം. ഏകദേശം 80 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പുതുപ്പരിയാരം പഞ്ചായത്തിലെ മുട്ടിക്കുളങ്ങര ‘കൃഷ്ണവുഡ് വർക്സ്’തടിമില്ലിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് മരമില്ലിൽനിന്ന് തീ ഉയരുന്നതായി പരിസരവാസികൾ കാണുന്നത്. തത്തമംഗലം അൻസീറിന്റെ ഉടമസ്ഥതയിലുള്ള മില്ല് പുതുപ്പരിയാരം സ്വദേശിയായ ശെൽവരാജാണ് കരാറെടുത്ത് നടത്തുന്നത്. വിലമതിക്കുന്ന തേക്ക് ഉൾപ്പെടെയുള്ള മരത്തടികൾ, വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച പുതുതായി നിർമിച്ച ഫർണീച്ചറുകൾ, മില്ലിലെ മെഷീനറി, ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു. 3000 സ്ക്വയർ ഫീറ്റിൽ പണിത ഓടും ഷീറ്റും മേഞ്ഞ ഷെഡും തീ വീഴുങ്ങി.
മില്ലിലുണ്ടായിരുന്ന തൊഴിലാളികളിലൊരാൾ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. പാലക്കാട്, കഞ്ചിക്കോട്, കോങ്ങാട് എന്നീ നിലയങ്ങളിൽ നിന്നെത്തിയ അഞ്ച് യൂനിറ്റ് അഗ്നി രക്ഷാസേന നാല് മണിക്കൂർ എടുത്താണ് തീയണച്ചത്. പാലക്കാട് നിലയത്തിലെ സ്റ്റേഷൻ ഓഫീസർ സുൽഫി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള 20 അംഗ അഗ്നി രക്ഷാ സേനാംഗങ്ങൾ നേതൃത്വം നൽകി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

