മരുതറോഡ് സഹകരണ ബാങ്ക് മോഷണം: 2.450 കിലോ സ്വർണം മഹാരാഷ്ട്രയിലെ വ്യാപാരികളിൽനിന്ന് വീണ്ടെടുത്തു
text_fieldsപ്രതി നിഖിൽ അശോക് ജോഷിയുമായി അന്വേഷണസംഘം മഹാരാഷ്ട്രയിലെ സത്താറയിൽ തെളിവെടുപ്പിനെത്തിയപ്പോൾ
പാലക്കാട്: മരുത റോഡ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് മോഷ്ടിച്ച 7.5 കിലോഗ്രാം സ്വർണത്തിൽ 2.450 കിലോ അന്വേഷണ സംഘം വീണ്ടെടുത്തു. മഹാരാഷ്ട്രയിലെ സത്താറയിലെ വിവിധ സ്വർണ വ്യാപാരികളിൽ നിന്നാണ് കളവു മുതൽ വീണ്ടെടുത്തത്. മിച്ചമുള്ള സ്വർണം വരുംദിവസങ്ങളിൽ കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.
പത്തു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതി നിഖിൽ അശോക് ജോഷിയുമായി അന്വേഷണ സംഘം ആഗസ്റ്റ് 17നാണ് സത്താറയിലെത്തിയത്. പ്രതി താമസിച്ച ഹോട്ടൽ, സ്വർണാഭരണങ്ങൾ വിറ്റ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി. കവർച്ചക്കുശേഷം രക്ഷപ്പെട്ട പ്രതി കർണാടകയിലെ ചിത്രദുർഗക്കടുത്ത് താമസിച്ച റിസോർട്ടിലും തെളിവെടുപ്പ് നടന്നു.
വീണ്ടെടുത്ത സ്വർണവും പ്രതിയുമായും ഞായറാഴ്ച രാത്രി അന്വേഷണസംഘത്തിലെ ഒരുവിഭാഗം പാലക്കാെട്ടത്തി. അതേസമയം മറ്റൊരു സംഘം മഹാരാഷ്ട്രയിൽ തുടരുകയാണ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണത്തിന് പാലക്കാട് ഡിവൈ.എസ്.പി ശശികുമാർ, ആലത്തൂർ ഡിവൈ.എസ്.പി ദേവസ്യ, കസബ ഇൻസ്പെക്ടർ രാജീവ്, മീനാക്ഷിപുരം ഇൻസ്പെക്ടർ ജെ. മാത്യു, കസബ എസ്.െഎ എസ്. അനീഷ്, കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ കെ. ഷാഹുൽ, പ്രത്യേക അന്വേഷണ സംഘത്തിലെ ടി.ആർ. സുനിൽ കുമാർ, കെ. സുരേഷ് ബാബു, റഹീം മുത്തു, സി.എസ്. സാജിദ്, കെ. ഉവൈസ് ആർ. കിഷോർ, കൃഷ്ണദാസ്, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. ഷനോസ്, കെ. ദിലീപ്, ആർ. രാജീദ്, എസ്. ഷമീർ, സി. മണികണ്ഠൻ, എ.ആർ ക്യാമ്പിലെ സുദേവൻ, ശ്രീധരൻ, ഡ്രൈവർ എ. ബ്രീസ് എന്നിവർ നേതൃത്വം നൽകി.