മാർക്കറ്റ് റോഡിലെ ശൗചാലയം അടച്ചിട്ടത് ദുരിതമായി
text_fieldsബി.ഒ.സി റോഡിലെ അടഞ്ഞുകിടക്കുന്ന നഗരസഭ ശൗചാലയം
പാലക്കാട്: നഗരത്തിലെ തിരക്കേറിയ മാർക്കറ്റ് റോഡിലെ ശൗചാലയം അടച്ചിട്ടത് യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി. മാർക്കറ്റ് റോഡിൽനിന്ന് പട്ടിക്കര ബി.ഒ.സി റോഡിലേക്ക് തിരിയുന്നിടത്ത് നഗരസഭക്ക് കീഴിലുള്ള ശൗചാലയമാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്. ബി.ഒ.സി റോഡിലെ നഗരസഭക്കു കീഴിലുള്ള വ്യാപാരസ്ഥാപനങ്ങൾക്കും ഇവിടെയെത്തുന്ന യാത്രക്കാർക്കും വേണ്ടിയാണ് പട്ടിക്കര റോഡിൽ വർഷങ്ങൾക്കുമുമ്പ് നഗരസഭ ശൗചാലയം പണിതത്.
എന്നാൽ, കുറേക്കാലമായി ശൗചാലയം അടച്ചിട്ടത് ഇവിടെയെത്തുന്ന യാത്രക്കാരെയും വ്യാപാരികളുടെയും ബുദ്ധിമുട്ടിലാക്കി. ഇടക്കാലത്ത് ശൗചാലയത്തിന്റെ താക്കോൽ ഒരു വിഭാഗം ആളുകൾ കൈയടക്കിയിരിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ ശൗചാലയം പൂർണമായി അടഞ്ഞുകിടക്കുകയാണ്. ശകുന്തള ജങ്ഷനിൽനിന്ന് ബി.ഒ.സി റോഡിലേക്ക് തിരിയുന്നിടത്ത് അഴുക്കുചാലിന് സമീപത്തായിട്ടാണ് നഗരസഭയുടെ ശൗചാലയമുള്ളത്. സമീപത്തുള്ള നിരവധി വ്യാപാരികൾക്കും മാർക്കറ്റിലേക്ക് എത്തുന്ന യാത്രക്കാർക്കും ആശ്വാസമായിരുന്നു ബി.ഒ.സി റോഡിലെ ശൗചാലയം. ബി.ഒ.സി റോഡിലും ജി.ബി റോഡിലുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് നഗരസഭക്ക് കീഴിലുള്ളത്. എന്നാൽ, ഇവിടെ ഒരു പൊതു ശൗചാലയം ഇല്ലാത്തതിനാൽ വ്യാപാരികൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിന് മുനിസിപ്പൽ സ്റ്റാൻഡിലോ ടൗൺ ബസ് സ്റ്റാൻഡിലോ ഉള്ള ശൗചാലയത്തെയോ സമീപത്തെ വ്യാപാരസ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

