സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം; സജീവമായി വിപണി
text_fieldsപാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തെ സ്കൂൾ വിപണിയിൽനിന്ന്
പാലക്കാട്: നീണ്ട രണ്ട് മാസത്തെ അവധിക്കാലത്തിനുശേഷം വിദ്യാലയങ്ങൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്കൂൾ വിപണി സജീവമായി. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള വൈവിധ്യമാർന്ന ഫാൻസി പേനകളും പെൻസിലുകളും റബറുകളുമെല്ലാം വിപണി കീഴടക്കാൻ എത്തിയിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ചുള്ള ന്യൂജെൻ ട്രെൻഡ് സാധനങ്ങളാണ് കടകളിലെത്തിയിട്ടുള്ളത്. കുട്ടികൾക്കൊപ്പം മുതിർന്നവരെയും ഇവ ആകർഷിക്കുന്നുണ്ട്.
വിവിധ കമ്പനികളുടെ നോട്ടുബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, കുടകൾ എന്നിവ വിപണിയിൽ മത്സരമാണ്. പ്രമുഖ കമ്പനികളുടെ ബാഗുകൾക്ക് 200 രൂപ മുതൽ 1500 രൂപ വരെ വിലയുണ്ട്. ക്ലാസ്മേറ്റ്സ്, കാമൽ, അൾട്ടിമ, ഈഗിൾ തുടങ്ങിയ കമ്പനികളുടെ നോട്ടുബുക്കുകളും ഉണ്ട്. 25 രൂപ മുതലാണ് നോട്ടുബുക്കുകൾക്ക് വില തുടങ്ങുന്നത്. എ ഫോർ സൈസ് നോട്ടുബുക്കിന് 45-50 രൂപ വിലയുണ്ട്.
പുസ്തകങ്ങൾ ചട്ടയിടാനുള്ള ബ്രൗൺ ഷീറ്റ് ഒരു റോളിന് 55 മുതൽ 90 രൂപ വരെയാണ്. കളർ ഷീറ്റിന് 35-45 രൂപ വരും. ലിപ്സ്റ്റിക്കിന്റെയും പലതരം മൃഗങ്ങളുടെയും വാഹനങ്ങളുടെയുമെല്ലാം രൂപത്തിലുള്ള റബറുകളും പേനകളും പെൻസിലുകളും കുട്ടികളെ ആകർഷിക്കാനുണ്ട്. ജോമട്രി ബോക്സുകൾ 90 രൂപ മുതൽ ലഭിക്കും. സ്റ്റീൽ, പ്ലാസ്റ്റിക് ടിഫിൻ ബോക്സുകളും വിപണിയിലുണ്ട്. സ്പൈഡർമാൻ ഉൾപ്പെടെ കുട്ടികൾക്ക് ആവേശമായ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ടിഫിൻ ബോക്സുകളും ബാഗുകളുമെല്ലാം വിപണിയിൽ ലഭ്യമാണ്. 200 രൂപ മുതൽ വിലയിൽ ബാഗുകൾ ലഭിക്കും. കുടകൾക്ക് 235 രൂപ മുതൽ 450 രൂപ വരെയാണ് വില. കുട്ടികൾക്കുള്ള മഴക്കോട്ടുകളും ലഭ്യമാണ്.
ഇതിന് പുറമേ വിവിധ ഗൈഡുകൾ, ഡയറികൾ, ഫയലുകൾ, കളർ ചാർട്ടുകൾ, ക്രാഫ്റ്റ് സാമഗ്രികൾ, കളർ റിബണുകൾ, സ്കെച്ചുകൾ തുടങ്ങി എല്ലാത്തരം സാധനങ്ങളും വിപണികളിലെത്തിക്കഴിഞ്ഞു. നോട്ടുബുക്ക് ഉൾപ്പെടെ എല്ലാത്തിനും വിലക്കുറവുണ്ടെന്ന് സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തെ മൊത്തവിപണന കേന്ദ്രമായ അമൻ എഡ്യുമാളിലെ ജീവനക്കാർ പറഞ്ഞു.
സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ എന്നതിനാൽ രക്ഷിതാക്കളെല്ലാം സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാണ്. നഗരത്തിൽ ഒട്ടുമിക്ക കടകളിലും ബാഗുകളും കുടകളും കോട്ടുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ പഠനോപകരണങ്ങൾക്ക് വിലവർധനവില്ലെന്നും മെച്ചപ്പെട്ട കച്ചവടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികൾ പറയുന്നു. സ്റ്റേഡിയം സ്റ്റാൻഡിന് സമീപത്തെ സൈപ്ലകോ പീപ്പിൾസ് ബസാറിലും സ്കൂൾ വിപണി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

