മലയോരമേഖല വന്യമൃഗ ഭീഷണിയില്‍; ഉറക്കം കെടുത്തി പുലിയും കടുവയും
text_fieldsമണ്ണാര്‍ക്കാട്: താലൂക്കിന്റെ മലയോരമേഖലയിൽ അയവില്ലാതെ വന്യമൃഗഭീഷണി. പുലിയും കടുവയുമാണ് പ്രദേശവാസികളുടെ ഉറക്കംകെടുത്തുന്നത്. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല, ഇരുമ്പകച്ചോല, തച്ചമ്പാറ പഞ്ചായത്തിലെ പാലക്കയം, തെങ്കര പഞ്ചായത്തിലെ തത്തേങ്ങലം, ആനമൂളി, മെഴുകുമ്പാറ ഭാഗങ്ങളിലും അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുകര അമ്പലപ്പാറ ഭാഗങ്ങളിലുമാണ് പുലിയുടെയും കടുവയുടെയും സാനിധ്യമുള്ളത്.
ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇവിടെയെല്ലാം കടുവയും പുലിയുമിറങ്ങി. കന്നുകാലികളെ വളര്‍ത്തി ഉപജീവനം തേടുന്നവരാണ് മലയോരമേഖലയില്‍ ഏറെയുള്ളവരും. റബര്‍ ടാപ്പിങ് തൊഴിലാളികളും നിരവധിപേരുണ്ട്. കടുവയും പുലിയുമിറങ്ങുന്നതോടെ ടാപ്പിങ് ജോലിപോലും പ്രതിസന്ധിയിലായിരിക്കുകയാണ്. അതിരാവിലെ മദ്റസയുള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുപോകുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും ആശങ്കയിലാണ്.
വിവരമറിയിക്കുന്ന പ്രകാരം വനംവകുപ്പും ആർ.ആർ.ടിയും സ്ഥലങ്ങളിലെത്തി പരിശോധനകള്‍ നടത്തി നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമാകുന്നില്ല. പലയിടങ്ങളിലും നിരീക്ഷണക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ ആനമൂളിയിലും തത്തേങ്ങലത്തും മെഴുകുംപാറയിലും കടുവയുടെ സാനിധ്യമുണ്ടായി. വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടു. ഇവിടെയെല്ലാം കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാരും പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിരുന്നെങ്കിലും നാമമാത്രമായ ഭാഗങ്ങളില്‍മാത്രമാണ് കൂട് സ്ഥാപിച്ചത്. അതേസമയം, വാക്കോടനിലും ചെന്തണ്ടിലും നാട്ടുകാരുടെ ആവശ്യപ്രകാരം കൂട് സ്ഥാപിച്ചതോടെ വപുലികള് കെണിയിലാവുകയും ചെയ്തു. പലരും ഭാഗ്യവശാലാണ് വന്യമൃഗങ്ങളുടെ മുന്നില്‍നിന്ന് രക്ഷപ്പെട്ടിട്ടുള്ളത്. വനത്തോടുചേര്‍ന്ന സ്വകാര്യവ്യക്തികളുടെ പറമ്പുകളിലെ അടിക്കാടുകള്‍ വെട്ടിനീക്കാത്തതും വന്യമൃഗശല്യത്തിന് ആക്കംകൂട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പ് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാകുന്നില്ല. വന്യമൃഗസാനിധ്യമുണ്ടായ ഭാഗങ്ങളിലെല്ലാം കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മനുഷ്യ-വന്യജീവി സംഘര്‍ഷം; തെങ്കരയില്‍ ജനജാഗ്രത സമിതി ചേര്‍ന്നു
മണ്ണാർക്കാട്: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി തെങ്കര പഞ്ചായത്തില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാസമിതിയോഗം ചേര്‍ന്നു. വനത്തോടുചേര്‍ന്ന സ്വകാര്യതോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിമാറ്റുന്നത് സംബന്ധിച്ച് ഉടമകള്‍ക്ക് നിര്‍ദേശം നല്കുന്ന കാര്യം പരിഗണിച്ചു. വനംവകുപ്പിന്റെ സഹായവും ഉറപ്പുനല്‍കി. അടിക്കാട് നീക്കാത്തപക്ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാടുവെട്ടിനീക്കി അതിന്റെ ചിലവ് ഉടമയില്‍നിന്ന് ഈടാക്കുന്ന കാര്യങ്ങളെപ്പറ്റിയും വിശദീകരിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായതിനാല്‍ വനംവകുപ്പിന്റെസേവനങ്ങളെപ്പറ്റി ജനപ്രതിനിധികള്‍ക്ക് വിവരം നല്‍കുകകൂടിയാണ് യോഗത്തിലൂടെ വനംവകുപ്പ് ലക്ഷ്യമിട്ടത്.
മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ് ക്ലാസെടുത്തു. വനംവകുപ്പിന്റെ വിവിധ തീവ്രയജ്ഞ പരിപാടികളെപ്പറ്റി വിശദീകരിച്ചു. കാട്ടുപന്നികളെ കൊന്നൊടുക്കുന്നതില്‍ പഞ്ചായത്തിന്റെ അധികാരം വിനിയോഗിക്കല്‍, വന്യജീവികളുടെ ആക്രമണത്തിലുള്ള ആളപായങ്ങള്‍, പരിക്ക്, കൃഷിനശിപ്പിക്കല്‍ എന്നിവയ്ക്കുള്ള നഷ്ടപരിഹാരംസംബന്ധിച്ച കാര്യങ്ങളെപ്പറ്റിയും വനംവകുപ്പുമായി ചേര്‍ന്ന് പഞ്ചായത്ത് നടപ്പിലാക്കേണ്ടപദ്ധതികളെപ്പറ്റിയും വിവരിച്ചു.
വന്യമൃഗസാനിധ്യമുണ്ടാവുന്ന ഇടങ്ങളില്‍ വനംവകുപ്പിന്റെയും ആര്‍ആര്‍ടിയുടെയും സേവനവും ഉറപ്പ് നല്കി. ആവശ്യമായ ഇടങ്ങളില്‍ പരിശോധനക്കുശേഷം കൂട് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീന അധ്യക്ഷയായി. ജില്ല പഞ്ചായത്തംഗം റഫീഖ പാറോക്കോട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത, പഞ്ചായത്തംഗങ്ങളായ കെ.പി. ജഹീഫ്, സെറീന, അബ്ദള്‍ ഗഫൂര്‍, സുധീഷ്, ബിജീഷ്,റിഷാദ് ആനമൂളി ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

