ഉറപ്പിച്ച് യു.ഡി.എഫ്
text_fieldsമണ്ണാര്‍ക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വരാന്‍പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ കണക്കിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി ബ്ലോക്കുകളിൽ വ്യാപിച്ചുകിടക്കുന്ന മണ്ണാര്‍ക്കാട് നഗരസഭ കൂടാതെ അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിയമസഭ മണ്ഡലം. ഇതില്‍ അട്ടപ്പാടിയില്‍ എല്‍.ഡി.എഫ് ഭരിച്ചിരുന്ന ഷോളയൂര്‍, അഗളി, പഞ്ചായത്തുകളില്‍ യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തി ഭരണം പിടിച്ചെടുത്തു.
എൽ.ഡി.എഫില്‍നിന്ന് പുതൂര്‍ പഞ്ചായത്ത് ബി.ജെ.പിയും പിടിച്ചെടുത്തു. കൂടാതെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഭരണവും യു.ഡി.എഫിന്റെ കൈകളിലെത്തി. ചുരമിറങ്ങിയാല്‍ മണ്ണാര്‍ക്കാട് നഗരസഭയും അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളും സീറ്റുവര്ധനവോടെ യു.ഡി.എഫ് നിലനിര്‍ത്തി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ് ആധ്യപത്യമാണുണ്ടായത്. 18 ല്‍ 17 സീറ്റും യു.ഡി.എഫിനാണ്. ജില്ല പഞ്ചായത്ത് ഡിവിഷന് പരിശോധിച്ചാല്‍ അലനല്ലൂര്‍, തെങ്കര ഡിവിഷനുകൾ യു.ഡി.എഫ് നിലനിര്‍ത്തി. അട്ടപ്പാടി ഡിവിഷന് എല്‍.ഡി.എഫിനൊപ്പമാണ്.
മണ്ണാർക്കാട് നഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥലങ്ങളിൽനിന്നായി യു.ഡി.എഫ് 97 വാർഡുകൾ നേടി. എൽ.ഡി.എഫ് 50 വാർഡുകളാണ് നേടിയത്. മണ്ണാർക്കാട്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫ് 26 വാർഡ് നേടിയപ്പോൾ എൽ.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങി. മണ്ഡലത്തിലെ അലനല്ലൂർ, തെങ്കര, അട്ടപ്പാടി ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽനിന്ന് യു.ഡി.എഫ് 74,777 വോട്ട് നേടി. എൽ.ഡി.എഫ് 62,712 നേടി. ഈ കണക്കിൽ 12,065 വോട്ടിന്റെ ലീഡ് യു.ഡി.എഫിനുണ്ട്. യു.ഡി.എഫ് ഭരിച്ചിരുന്ന കുമരംപുത്തൂര്‍ പഞ്ചായത്ത് എൽ.ഡി.എഫ് പിടിച്ചെടുത്തതാണ് ഇടതിന്റെ ആശ്വാസം. അതോടൊപ്പം തെങ്കര പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താനുമായി.
സംസ്ഥാനത്തുടനീളമുണ്ടായെന്ന് കരുതുന്ന യു.ഡി.എഫ് തരംഗത്തോടൊപ്പം മണ്ണാര്‍ക്കാട് മേഖലയില്‍ ഇടതുമുന്നണിയിലുണ്ടായ ചേരിതിരിവും യു.ഡി.എഫ് മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ യു.ഡി.എഫ് ഭൂരിപക്ഷം വര്‍ധിച്ചുവരുന്ന കാഴ്ചയാണ്.
മാത്രമല്ല, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍നിന്ന് മൃഗീയ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. തദ്ദേശ ഫലത്തില്‍ യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ചിത്രം മാറുമെന്നാണ് ഇടതുനേതാക്കളുടെ വിലയിരുത്തല്‍. അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ഭരണം പിടിച്ചെടുത്ത ആത്മവിശ്വാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

