മണ്ണാർക്കാട്ടെ ഗതാഗത പ്രശ്നം; പ്രാദേശിക റോഡുകൾ വികസിപ്പിക്കണമെന്നാവശ്യം
text_fieldsമണ്ണാർക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പ്രാദേശിക റോഡുകളുടെ വികസനം യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത വികസനം പൂർത്തിയായ മണ്ണാർക്കാട് നഗരത്തിൽ നേരത്തെയുണ്ടായിരുന്നയത്ര ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നില്ലെങ്കിലും പ്രധാന വ്യാപാരകേന്ദ്രമായ പള്ളിപ്പടി മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്ത് ചില സമയങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമുണ്ട്. ഈ ഭാഗത്തെ ഗതാഗത പ്രശ്നം പരിഹരിക്കാൻ നിലവിൽ ഉപയോഗിക്കുന്ന പ്രാദേശിക റോഡുകളുടെ വികസനം സാധ്യമാക്കണമെന്നാണ് ആവശ്യം.
ശാസ്ത്രീയമല്ലാത്ത രീതിയിൽ നടപ്പാക്കാൻ തീരുമാനിച്ച മിനി ബൈപാസിലൂടെയുള്ള വൺവേ സംവിധാനം ഏറെ എതിർപ്പുകളും വിമർശനവും ഉയർത്തിയിരുന്നു. വികസനം പൂർത്തിയായ കുന്തിപ്പുഴ - നമ്പിയംകുന്ന് റോഡ് മാതൃകയിൽ ടിപ്പുസുൽത്താൻ റോഡിൽനിന്നും പാറപ്പുറം - നാരങ്ങപറ്റ - പള്ളിപ്പടി റോഡ്, പള്ളിപ്പടിയിൽനിന്നും പെരിമ്പടാരിയിൽ എത്തുന്ന ഷാപ്പ് റോഡ്, പെരിഞ്ചോളം - പള്ളിപ്പടി റോഡ് തുടങ്ങിയവ വീതികൂട്ടി വികസിപ്പിച്ചാൽ പരിധിവരെ നഗരത്തിൽ കറങ്ങുന്ന വാഹനങ്ങൾക്ക് ദേശീയപാത ഒഴിവാക്കി സഞ്ചരിക്കാൻ കഴിയും.
നമ്പിയംകുന്ന് റോഡ് വികസന മാതൃകയിൽ പള്ളിപ്പടി - പെരിമ്പടാരി റോഡ് കൂടി വീതികൂട്ടി ബദൽ മാർഗമായി ഉപയോഗിച്ചാൽ നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ കഴിയുന്നതോടൊപ്പം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയുമില്ല. ജനങ്ങൾക്ക് ഏറെ ദൂരം ചുറ്റിവളയാതെ സഞ്ചരിക്കാനും കഴിയും. അനധികൃത പാർക്കിങ് നിയന്ത്രിക്കുക, ഓട്ടോ - ബസ് സ്റ്റോപ്പുകൾ ക്രമീകരിക്കുക, കോടതിപ്പടിയിലെ ബസ് സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കുക എന്നിവയും നടപ്പാക്കേണ്ടതുണ്ട്.
വൺവേ തീരുമാനം പിൻവലിച്ചു
മണ്ണാർക്കാട്: നഗരത്തിൽ വൺവേ സംവിധാനം നടപ്പാക്കാനുള്ള തീരുമാനം പിൻവലിച്ചതായി നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിലാണ് നഗരത്തിലേക്ക് പടിഞ്ഞാറ് ഭാഗത്തുനിന്ന് വരുന്ന ചെറുകിട - ഇടത്തരം യാത്ര വാഹനങ്ങളെ മിനി ബൈപാസ് വഴി തിരിച്ചുവിടുന്ന തരത്തിൽ വൺവേ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. നിർദേശം അശാസ്ത്രീയമാണെന്ന് മാത്രമല്ല, ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ മാത്രമേ കരണമാകൂ എന്നും പരാതി ഉയർന്നു. വിശദ പഠനം നടത്തിയശേഷം മാത്രമേ നഗരത്തിലെ ഗതാഗത പരിഷ്കാരവും വൺവേ പോലുള്ള സംവിധാനങ്ങളും നടപ്പാക്കുകയുള്ളൂ എന്ന് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

