മണ്ണാര്‍ക്കാട്ടെ ഗതാഗതക്കുരുക്ക്: ട്രാഫിക് അഡ്വൈസറി കമ്മിറ്റി വീണ്ടും യോഗം ചേരും
text_fieldsമണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതിന് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ വിപുലമായ യോഗം ജനുവരി 17ന് ചേരും. വെള്ളിയാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ബസ് ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. അനധികൃതമായ വാഹന പാര്‍ക്കിങ്ങും സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പുകളുമാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം.
ചില ഭാഗങ്ങളില്‍ പാര്‍ക്കിങ് സ്ഥലത്ത് രാവിലെ മുതല്‍ വൈകീട്ട് വരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
ബസ് സ്റ്റാൻഡ്, കോടതിപ്പടി തുടങ്ങിയ തിരക്കേറിയ ഭാഗങ്ങളില്‍ പൊലീസ് വാഹനം നിര്‍ത്തിയിട്ടുള്ള പരിശോധന ഒഴിവാക്കുക, ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ കൃത്യമായി കാണുന്ന വിധം കൂടുതല്‍ ഭാഗങ്ങളില്‍ സ്ഥാപിക്കുക, റോഡ് കൈയേറി വാഹനങ്ങളിലും ഷെഡ്ഡ് കെട്ടിയും അനധികൃത വ്യാപാരം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുക, ടൗണിലെ സ്വകാര്യ വ്യക്തികളുടേതുൾപ്പെടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി പാര്‍ക്കിങ് അനുവദിക്കുക എന്നീ നിർദേശങ്ങൾ വ്യാപാരികൾ മുന്നോട്ടുവെച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നഗരത്തില്‍ പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. പച്ചക്കറി മാര്‍ക്കറ്റ് വണ്‍വേയാക്കല്‍, ഓട്ടോ സ്റ്റാൻഡുകളുടെ ക്രമീകരണം തുടങ്ങിയവയായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍. കോടതിപ്പടി കവലയിലെ അപകടങ്ങള്‍ക്ക് തടയിടാന്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമടക്കം നടപ്പാക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു.
എന്നാല്‍, ഗതാഗത പരിഷ്‌കാരം പ്രഖ‍്യാപിച്ച് വര്‍ഷമൊന്നായിട്ടും പലപ്രഖ്യാപനങ്ങളും നടപ്പായിട്ടില്ല. നഗരത്തിലെ ഗതാഗതപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്നും പൊലീസ് മാത്രം വിചാരിച്ചാല്‍ നടപ്പാകുന്ന കാര്യമല്ലെന്നും ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു.
നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള ഭാഗത്ത് പൊലീസിന്റെ വാഹന പരിശോധന ഒഴിവാക്കല്‍, വണ്‍വേ സംവിധാനം കൃത്യമായി നടപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. 17ന് ചേരുന്ന അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കും.നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍പേഴ്‌സൻ കെ. പ്രസീത, സെക്രട്ടറി, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

