ടിപ്പു സുല്‍ത്താന്‍-കോങ്ങാട് റോഡ് പ്രവൃത്തി പാതിവഴിയില്‍
text_fieldsതകർന്ന ടിപ്പു സുല്‍ത്താന്‍-കോങ്ങാട് റോഡ്
മണ്ണാര്‍ക്കാട്: നവീകരണ പ്രവൃത്തികള്‍ പുനരാരംഭിക്കാത്തതിനാല്‍ ടിപ്പു സുല്‍ത്താന്‍-കോങ്ങാട് റോഡില്‍ പള്ളിക്കുറുപ്പ് ജങ്ഷന്‍വരെ യാത്രാദുരിതം രൂക്ഷം. കുണ്ടുംകുഴികളും നിറഞ്ഞും വശങ്ങളില് കൂട്ടിയിട്ട മണ്ണ് മഴയില്‍ ഒലിച്ചിറങ്ങിയും റോഡ് പലയിടത്തും ചളിക്കുളമാണ്. ചില ഭാഗങ്ങളില്‍ നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡ് പൊളിച്ചിട്ട നിലയിലാണ്. മണ്ണാര്‍ക്കാട് മുതല്‍ പള്ളിക്കുറുപ്പ് ജങ്ഷന്‍വരെയുള്ള മൂന്നുകിലോമീറ്റര്‍ ദൂരമാണ് പരിതാപകരമായ അവസ്ഥ. അതേസമയം പള്ളിക്കുറുപ്പ് മുതല്‍ കോങ്ങാട് വരെ റോഡ് ടാര്‍ ചെയ്ത് യാത്ര സുഗമമായിട്ടുണ്ട്.
അഴുക്കുചാലുകളുടെ നിര്‍മാണ പ്രവൃത്തികൾ മാത്രമേ പള്ളിക്കുറുപ്പ് വരെ നടത്തിയിട്ടുള്ളൂ. ഒരുവര്‍ഷം മുമ്പാണ് ഈ ഭാഗത്ത് റോഡ് പ്രവൃത്തി ആരംഭിച്ചത്. നിലവില്‍ പ്രവൃത്തി നിലച്ചിട്ട് മാസങ്ങളായി.
റോഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വശങ്ങളില് മണ്ണുകൂട്ടിയിട്ടത് റോഡിലേക്കുതന്നെ ഇടിഞ്ഞിറങ്ങി യാത്രക്ക് ഭീഷണിയാകുന്നുണ്ട്. റോഡ് തകര്‍ച്ച കാരണം ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മൂന്നു കിലോമീറ്റർ സഞ്ചരിക്കണമെങ്കില്‍ 15 മിനിറ്റോളം സമയമെടുക്കുന്നു.
സ്കൂള്‍ ബസുകളും കെ.എസ്.ആര്.ടി.സി ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ നിത്യേന സഞ്ചരിക്കുന്ന തിരക്കേറിയ പാതകൂടിയാണിത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ഗതാഗത തടസ്സമുണ്ടായാല്‍ പാലക്കാട്ടേക്ക് എത്തിച്ചേരാനുള്ള ബദല്‍പാത കൂടിയാണിത്. റോഡിന്റെ പ്രവൃത്തി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.