പുലിപ്പേടിയിൽ നഗര പരിസരങ്ങളും
text_fieldsമണ്ണാർക്കാട്: മലയോര പ്രദേശങ്ങളിൽ ദിനേനയെന്നോണം കേട്ടിരുന്ന പുലിസാന്നിധ്യം ഇപ്പോൾ മണ്ണാർക്കാട് നഗര പരിസരങ്ങളിലും. വെള്ളിയാഴ്ച വൈകീട്ട് നഗരത്തിനോട് ചേർന്ന ശിവൻകുന്ന് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഏതാനും ദിവസം മുമ്പാണ് പോത്തോഴിക്കാവിൽ ടാപ്പിങ്ങിന് പോയവർ പുലിയെ കണ്ടതായി സാക്ഷ്യപ്പെടുത്തിയത്. വനം വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മണ്ണാർക്കാടിന് സമീപ പഞ്ചായത്തുകളായ കുമരംപുത്തൂർ, തെങ്കര, കോട്ടോപ്പാടം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പുലിശല്യം രൂക്ഷമാണ്. കഴിഞ്ഞ ജനുവരിയിൽ കുമരംപുത്തൂർ പൊതുവാപ്പാടത്ത് പുലി കെണിയിൽപെട്ടിരുന്നു. നഗര പരിസരങ്ങളിലും പുലിസാന്നിധ്യം ചർച്ചയായതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.

