ശക്തി തെളിയിക്കാൻ മുന്നണികൾ
text_fieldsമണ്ണാര്‍ക്കാട്: ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എൽ.ഡി.എഫും മുന്നിട്ടിറങ്ങിയിട്ടുള്ള മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ മത്സരം മുറുകുന്നു. ബ്ലോക്കില്‍ പ്രാതിനിധ്യമറിയിക്കാന് ഇത്തവണ എൻ.ഡി.എയും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. കഴിഞ്ഞതവണ 17 സീറ്റില്‍ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് അഞ്ചുസീറ്റുമാണ് ലഭിച്ചത്.
പ്രസിഡന്റ് സ്ഥാനം വനിത സംവരണമായിരുന്നു. മുന്നണിധാരണപ്രകാരം ആദ്യ രണ്ടരവര്‍ഷം മുസ്ലിം ലീഗും പിന്നീട് കോണ്‍ഗ്രസും പ്രസിഡന്റ് പദവിയിലിരുന്നു. ഇത്തവണ പ്രസിഡന്റ് സ്ഥാനം എസ്.സി വനിത സംവരണമാണ്. വാര്‍ഡ് വിഭജനത്തിനുശേഷം ഇത്തവണ ഒരുസീറ്റ് വര്‍ധിച്ച് 18 ആയി. 58 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 30 പുരുഷന്മാരും 28 വനിതകളും മത്സരിക്കുന്നു.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് തിരുവിഴാംകുന്ന് ഡിവിഷനില്‍നിന്നാണ്-അഞ്ചു പേര്. മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ജനകീയമതേതര മുന്നണിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളും ഇവിടെ മത്സരിക്കുന്നുണ്ട്.
തച്ചനാട്ടുകര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ എന്നീ എട്ടു പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്. എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കോട്ടോപ്പാടം, പയ്യനെടം, തെങ്കര, കാഞ്ഞിരപ്പുഴ, പാലക്കയം, മീന്‍വല്ലം, കരിമ്പ, തച്ചനാട്ടുകര, കൊറ്റിയോട്, ചങ്ങലീരി, നെച്ചുള്ളി, അരിയൂര്‍,ചെത്തല്ലൂര്‍, തച്ചമ്പാറ, അലനല്ലൂര്‍, അലനല്ലൂര്‍ ഈസ്റ്റ് എന്നിവയാണ് ഡിവിഷനുകള്‍. യുഡിഎഫില്‍ ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസും അത്രയുംതന്നെ സീറ്റില്‍ മുസ്ലിം ലീഗും മത്സരിക്കുന്നു. എൽ.ഡി.എഫില്‍ സി.പി.എം 14ഉം സി.പി.ഐ മൂന്നും എന്‍.സി.പി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. എൻ.ഡി.എ 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. കൊറ്റിയോട്, കോട്ടോപ്പാടം ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. നിലവിലെ ഭരണസമിതിയിലുള്ള കോണ്‍ഗ്രസിലെ ബിജി ടോമി മാത്രമാണ് ഇത്തവണ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ അസീസ് ഭീമനാടും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

