ഒരുനാഴി മണ്ണും കൂരയും ഇനി സ്വപ്നമല്ല; വിലാസിനിക്ക് സ്വപ്ന സാക്ഷാത്കാരം
text_fieldsമണ്ണാർക്കാട്: കുമരംപുത്തൂർ പയ്യനടം അമ്പലത്തിന് സമീപം താമസിക്കുന്ന വിലാസിനിക്ക് മേഴ്‌സി കോപ്‌സ് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. ഒരുനാഴി മണ്ണും കൂരയുമാണെന്റെ സ്വപ്നമെന്ന വിലാസിനിയുടെ കവിതയാണ് ഇവരുടെ സ്വപ്നസാക്ഷാത്കാരത്തിന് നിദാനമായത്. ഭർത്താവ് ഉപേക്ഷിച്ച, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ വിലാസിനി കൂലിപ്പണിക്ക് പോയാണ് കുടുംബം പുലർത്തുന്നത്.
കഷ്ടപ്പാടുകൾക്കിടയിലും നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിലാസിനി കവിതകൾ എഴുതുമായിരുന്നു. ഇങ്ങനെ തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് എഴുതിയ കവിത സുഹൃത്തായ അധ്യാപിക അമ്മു ആലപിക്കുകയും ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടർന്നാണ് വിലാസിനിക്ക് സ്ഥലത്തിനും വീടിനുമായി സാഹചര്യമൊരുങ്ങിയത്. ഏഴര ലക്ഷം രൂപ ചെലവിലാണ് രണ്ട് കിടപ്പുമുറികളോടെയുള്ള വീട് നിർമിച്ചത്.
മേഴ്‌സി കോപ്സ് സ്ഥാപകൻ തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്. സുദർശൻ അധ്യക്ഷതവഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ, കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, നാടകകൃത്ത് കെ.പി.എസ്. പയ്യനടം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

