മെഴുകുംപാറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി
text_fieldsമെഴുകുംപാറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ട പുലി
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ മെഴുകുംപാറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. ജനവാസമേഖലക്കും വനാതിര്‍ത്തിക്കും ഇടയിലെ റബര്‍തോട്ടത്തിലായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. അതിരാവിലെ റബർ ടാപ്പിങ്ങിനായി പോകുന്ന പ്രദേശവാസികളാണ് പുലി കെണിയിലകപ്പെട്ടത് കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
മണ്ണാര്‍ക്കാട് ഡി.എഫ്.ഒ സി. അബ്ദുള്‍ ലത്തീഫ്, റേഞ്ച് ഓഫിസര്‍ ഇമ്രോസ് ഏലിയാസ് നവാസ്, ആനമൂളി ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷൻ ജീവനക്കാരും ആര്‍.ആര്‍.ടിയും സ്ഥലത്തെത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത, തെങ്കര പഞ്ചായത്തംഗങ്ങളായ എ. ഷൗക്കത്തലി, ബിനീഷ്, സുധീഷ് എന്നിവരും സ്ഥലത്തെയിരുന്നു. പുലിയെ രാവിലെ ആറോടെ മണ്ണാര്‍ക്കാട്ടെ വനം ഡിവിഷന്‍ ഓഫീസ് വളപ്പിലേക്ക് മാറ്റി. പുലിയെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടിക്രമങ്ങളിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
പ്രാഥമിക പരിശോധനയില്‍ പുലി ആരോഗ്യവാനാണെന്നും പരിക്കുകളോ മറ്റോ ഇല്ലെന്നും ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫ് പറഞ്ഞു. വൈകീട്ടോടെ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാമും സ്ഥലത്തെത്തി പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തി. രാത്രിയോടെ പുലിയെ ഉള്‍വനത്തിലേക്ക് തുറന്നുവിടുമെന്നും അധികൃതര്‍ അറിയിച്ചു. മെഴുകുംപാറ മേഖല മാസങ്ങളായി പുലിഭീതിയിലായിരുന്നു. ജൂലൈ ആറിനാണ് പ്രദേശവാസിയായ വിനോദിന്റെ വളര്‍ത്തുനായെ പുലി പിടികൂടിയത്. തുടര്‍ന്ന് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

