മണ്ണാർക്കാട്ട് ശക്തമായ മഴ; 10 വീടുകളില്‍ വെള്ളം കയറി
text_fieldsമണ്ണാര്‍ക്കാട്: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ തെങ്കര കനാല്‍ ജങ്ഷനിലെ 10 വീടുകളില്‍ വെള്ളം കയറി. നാലുശ്ശേരി തോടിലൂടെയെത്തിയ വെള്ളമാണ് പരിസരത്തെ വീടുകളിലേക്കും അട്ടപ്പാടി റോഡിലേക്കുമെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി കാഞ്ഞിരപ്പുഴ കനാലിന് കുറുകെയുള്ള പാലം പൊളിക്കുന്നതിന് തോട് അടച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയില്‍ ഒരു മണിക്കൂറിലധികം നേരം സ്ഥലത്ത് മഴ നിര്‍ത്താതെ പെയ്തതോടെ തോടിലേക്ക് വെള്ളംകുതിച്ചെത്തുകയായിരുന്നു. അട്ടപ്പാടി റോഡില്‍ രണ്ടടിയോളം ഉയരത്തിലാണ് വെള്ളം കയറിയത്.
പരിസരത്തെ സാവിത്രി, അബൂബക്കര്‍, സേതു, രാജാമണി, സൈനുദ്ദീന്‍, നസീമ, ഭാസ്കരന്, നൂറുദ്ദീന്‍, രാമന്‍കുട്ടി, ഹംസ എന്നിവരുടെ വീടുകളിലേക്കാണ് വെള്ളമെത്തിയത്. വിവരമറിയിച്ച പ്രകാരം വാര്‍ഡ് അംഗം ഉനൈസ് നെച്ചിയോടന്‍ സ്ഥലത്തെത്തി. റോഡ് നവീകരണ കരാര്‍ ഏറ്റെടുത്ത കമ്പനി അധികൃതരെ സംഭവമറിയിക്കുകയും ഇതുപ്രകാരം ഇവര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി കാഞ്ഞിരപ്പുഴ കനാലിലേക്ക് വെള്ളം തിരിച്ചുവിട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

