തെങ്കര പഴയ മാർക്കറ്റിൽ തീപിടിത്തം
text_fieldsതെങ്കര വെള്ളാരംകുന്നില്‍ പഴയ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം
മണ്ണാര്‍ക്കാട്: തെങ്കര വെള്ളാരംകുന്നില്‍ പഴയമാര്‍ക്കറ്റില്‍ തീപിടിത്തം. ആളപായങ്ങളില്ല. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിരക്ഷ സേനാംഗങ്ങള്‍ ആറു മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീയണച്ചത്. ശ്രീകൃഷ്ണപുരം പറമ്പില്‍പീടിക പി.പി. ഇസ്ഹാഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. തീപിടിത്ത കാരണം വ്യക്തമല്ല. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സമീപ വീടുകളിലുള്ളവര്‍ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
അസി. സ്റ്റേഷന് ഓഫിസര്‍ എ.കെ. ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ തീ നിയന്ത്രണാതീതമായിരുന്നു. തുടര്‍ന്ന് കോങ്ങാട്, പെരിന്തല്‍മണ്ണ, പാലക്കാട് നിലയങ്ങളില്‍നിന്ന് സഹായം ആവശ്യപ്പെട്ടു. സ്റ്റേഷന് ഓഫിസര്‍ സുല്‍ഫീസ് ഇബ്രാഹിം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. നാലു യൂനിറ്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ തുടര്‍ച്ചയായി വെള്ളം പമ്പുചെയ്തതോടെ തീ നിയന്ത്രണവിധേയമായി.
നാല് യൂനിറ്റുകളില്‍നിന്നായി 10 ടാങ്ക് വെള്ളം ഉപയോഗിക്കേണ്ടിവന്നു. തെങ്കര പഴയ മാർക്കറ്റിൽ തീപിടിത്തംരാവിലെ എട്ടോടുകൂടി തീ പൂര്‍ണമായും കെടുത്തി. സമീപത്തെ വീടുകള്‍ക്കും അഗ്നിബാധ ഭീഷണി സൃഷ്ടിച്ചെങ്കിലും ഗോഡൗണിന്റെ നാലുഭാഗത്തുനിന്നും വെള്ളം പമ്പുചെയ്തതോടെ ഭീതി ഒഴിവായി. മണ്ണാര്‍ക്കാട് പൊലീസും സ്ഥലത്തെത്തി.

