മണ്ണാര്‍ക്കാട് നഗരത്തിലെ കെട്ടിടത്തിൽ അഗ്നിബാധ
text_fieldsമണ്ണാർക്കാട് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം
മണ്ണാര്‍ക്കാട്: പട്ടണത്തില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വ്യാപാരസമുച്ചത്തില്‍ തീപിടിത്തം. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഷൂ പ്ലാനറ്റ് എന്ന ചെരുപ്പ് ഷോറൂമിന്റെ രണ്ടാംനിലയിലും മൂന്നാംനിലയിലുമുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒരുവശംചേര്‍ന്നാണ് തീ പടര്‍ന്നത്.
മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് പുകവരുന്നത് എതിര്‍ദിശയിലുള്ള വ്യാപാരസ്ഥാപനങ്ങളിലുള്ളവരുടെ ശ്രദ്ധയില്‍പ്പെടുകയും ഉടന്‍ വ്യാപാരസ്ഥാപനത്തിലുള്ളവരെ അറിയിക്കുകയുമായിരുന്നു. ഇതിനിടെ തീ ആളിപ്പടരുകയും പുക പുറത്തേക്ക് വമിക്കുകയും ചെയ്തു. വിവരമറിയിച്ചതിനെതുടര്‍ന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കടയുടെ ഒരുഭാഗത്തെ ഗ്ലാസുകളും അലുമിനിയം പാനല്‍ഷീറ്റുകളും തീപിടിച്ചതിനെതുടര്‍ന്ന് അടര്‍ന്നുവീഴാനുംതുടങ്ങിയിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ നൗഷാദ്, സജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വി. സുരേഷ് കുമാര്‍, പ്രശാന്ത്, എം.എസ്.ഷബീര്‍, ടിജോ തോമസ്, എം.ആര്‍. രാഗില്‍, ഷെരീഫ്, രമേഷ്, ഹോംഗാര്‍ഡുമാരായ പ്രദീപ്, സുമേഷ് എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
ഒരു വിഭാഗം ജീവനക്കാര്‍ തീയണക്കാന്‍ ശ്രമിക്കുകയും മറ്റൊരു വിഭാഗം സ്ഥാപനത്തിനുള്ളില്‍ പ്രവേശിച്ച് ബാഗുകള്‍, ചെരുപ്പുകള്‍, മറ്റു ലെതര്‍ ഉൽപന്നങ്ങള്‍ എന്നിവ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഒന്നാം നിലയിലേക്ക് കയറുന്നതിന് ജീവനക്കാര്‍ക്ക് മാത്രം കയറുന്നതിനായി ഒരു താത്ക്കാലിക ഇരുമ്പ് കോണിപ്പടി മാത്രമാണ് ഉണ്ടായിരുന്നത്.
ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയിലേക്ക് കയറുന്ന കോണിപ്പടിയിലും ലതര്‍ ഉൽപന്നങ്ങള്‍ സൂക്ഷിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് കുറച്ചുനേരം തടസംസൃഷ്ടിച്ചതായി സേനാംഗങ്ങള്‍ പറഞ്ഞു. അതെല്ലാം മാറ്റിയശേഷമാണ് മുന്നോട്ടുനീങ്ങിയത്. ഓപ്പണ്‍ ടെറസില്‍ ലതറിന്റെ വേസ്റ്റുകള്‍ സൂക്ഷിച്ചതിലേക്ക് തീപടര്‍ന്നത് കെടുത്താന്‍ സമയമധികമെടുത്തു. സമീപത്തെ മസ്ജിദിന്റെ മുകളിലത്തെനിലയില്‍ കയറി വെള്ളം പമ്പ് ചെയ്താണ് ലതറിലെ തീയണച്ചത്. സമീപത്തെ മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനും സാധിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നാട്ടുകല്‍ സ്വദേശിയായ അയ്യൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി വരുന്നതേയുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

