മണ്ണാര്‍ക്കാട് നഗരസഭ: ചെയര്മാന് കൊള്ളസംഘമാക്കുന്നെന്ന് ഇടതുപക്ഷം; ആരോപണം ബാലിശമെന്ന് ചെയര്മാന്
text_fieldsമണ്ണാര്‍ക്കാട്: നഗരസഭയിലെ കുടുംബശ്രീ യൂനിറ്റുകള്‍ക്കായി വ്യവസായ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള പുതിയ എസ്റ്റിമേറ്റിനും പ്ലാനിനും കൗണ്‍സില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തത് അഴിമതിയുടെ ഭാഗമാണെന്ന് ആരോപിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫിസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. നഗരസഭ പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ ടി.ആര്. സെബാസ്റ്റ്യന്‍, ചീഫ് വിപ്പ് സി.ടി. പുഷ്പാനന്ദന്, സ്ഥിരം സമിതി അധ്യക്ഷ വത്സലകുമാരി, കൗണ്‍സിലര്‍മാരായ സിന്ധു ടീച്ചര്‍, സൗദാമിനി, ഹസീന, കദീജ അസീസ്, ഹയറുന്നിസ ടീച്ചര്‍, റെജീന എന്നിവരാണ് പ്രതിഷേധിച്ചത്.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് പറയാന്‍ കൗണ്‍സിലര്‍മാര്‍ക്ക് അവസരമുള്ള വേദിയായ കൗണ്‍സില്‍ യോഗം മാത്രമാണെന്നതിനാല്‍ ഇതില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ ടി.ആര്. സെബാസ്റ്റ്യന്‍ ആരോപിച്ചു. നഗരസഭയുടെ പൊതുമരാമത്ത് വകുപ്പില്‍ നിരവധി ഓവര്സിയര്മാരടക്കമുള്ളപ്പോഴാണ് അവരെ നോക്കുകുത്തിയാക്കി എസ്റ്റിമേറ്റ് തയാറാക്കുന്നതിനടക്കം നഗരസഭയിലെ പദ്ധതികള്‍ ഏജന്‍സികളെ ഏല്‍പ്പിക്കുന്നത്.
1340.54 സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടം നിര്‍മിക്കാന്‍ 50 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൂടിയ തുകക്ക് എസ്റ്റിമേറ്റ് തയാറാക്കുന്നത് കൊള്ളയാണ്. ഇത് ജനങ്ങൾ അറിയാതിരിക്കാനാണ് ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നത്.
എന്നാല്‍ ഇടത് കൗണ്‍സിലര്‍മാരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. നഗരസഭ ഹാളുകളില്‍ ഓഡിറ്റിങ്ങും, എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനവും നടക്കുന്നതിനാലാണ് യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നതെന്ന് ചെയര്മാന് വ്യക്തമാക്കി. കുടുംബശ്രീ യൂനിറ്റുകള്‍ക്കായി വ്യവസായ കേന്ദ്രം നിര്‍മിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കിയത് സര്‍ക്കാര്‍ ഏജന്‍സിയായ 'കെല്' ആണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഴിമതി നടക്കുന്നുവെന്നത് ബാലിശമായ ആരോപണമാണ്. വിജിലന്‍സില്‍ പരാതി നല്‍കാം. നഗരസഭയില്‍ നല്ല സംരംഭങ്ങള്‍ വരുന്നതിലൂടെ ഭരണസമിതിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാകുന്നത് തടയാനുള്ള ശ്രമമാണ് ഇടത് പ്രതിഷേധമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

