മണ്ണാർക്കാട്ട് ശക്തി ചോർന്ന് ബി.ജെ.പി; ചലനമുണ്ടാക്കാതെ സി.പി.എം വിമതർ
text_fieldsമണ്ണാർക്കാട്: കൊണ്ടും കൊടുത്തും മുന്നേറിയ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ കോട്ടം തട്ടാതെ ഇരുമുന്നണികളും. തുടർച്ചയായി മൂന്നാം തവണയും മേധാവിത്വം ഉയർത്തി നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തിയപ്പോൾ, വിമത നീക്കങ്ങൾക്കിടയിലും മുന്നേറ്റം നടത്തി സി.പി.എം കരുത്തു കാട്ടി. നഗരത്തിലെ ബി.ജെ.പി കോട്ടകളിൽ കരുത്തു ചോരുകയും ചെയ്തു. ജനകീയ മതേതര മുന്നണിയുടെ ലേബലിൽ രംഗത്തിറങ്ങിയ സി.പി.എം വിമതർക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞതുമില്ല. 30 വാർഡുകളിൽ യു.ഡി.എഫ് മുന്നണി 17 സീറ്റിലാണ് വിജയിച്ചത്.
സി.പി.എം 12 സീറ്റിൽ വിജയിച്ചു. കഴിഞ്ഞ 29 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 15 സീറ്റും സി.പിഎം 11 സീറ്റും ബി.ജെ.പി മൂന്ന് സീറ്റുമാണ് നേടിയത്. യു.ഡി.എഫിൽ ലീഗ് 11ഉം കോൺഗ്രസ് മൂന്നും യു.ഡി.എഫ് സ്വതന്ത്ര ഒന്നും നേടി. ഇത്തവണ നഗരസഭയിൽ ഒരു സീറ്റ് കൂടിയപ്പോൾ മുസ്‍ലിം ലീഗും കോൺഗ്രസും സി.പി.എമ്മും ഓരോ സീറ്റുകൾ അധികം നേടി. ബി.ജെ.പി ക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടു.
ഇടതുമുന്നണിയിൽനിന്ന് കൂളർമുണ്ട, വടക്കുമണ്ണം, നെല്ലിപ്പുഴ, പാറപ്പുറം, പെരിമ്പടാരി എന്നിവയും ബി.ജെ.പിയിൽനിന്ന് ആൽത്തറയും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൽനിന്ന് ഉഭയമാർഗം, അരകുറുശ്ശി, കാഞ്ഞിരംപാടം എന്നിവ പിടിച്ചെടുത്തത് കൂടാതെ എൽ.ഡി.എഫ് പുതിയ വാർഡായ കോടതിപ്പടി നേടുകയും ബി.ജെ.പിയിൽനിന്ന് അരയങ്കോട് പിടിച്ചെടുക്കുകയും ചെയ്തു.
സി.പി.എമ്മിനെതിരെ രൂപം കൊണ്ട പി.കെ. ശശി വിഭാഗമെന്നറിയപ്പെട്ടിരുന്ന ജനകീയ മതേതര മുന്നണി മത്സരിച്ച 10 വാർഡുകളിൽ രണ്ടാം വാർഡായ കുളർമുണ്ടയിൽ മാത്രമാണ് സി.പി.എമ്മിന് പാരയായത്. മറ്റുള്ള വാർഡുകളിൽ സി.പി.എമ്മിന് ഭീഷണിയാകാൻ കഴിഞ്ഞില്ല. കുളർമുണ്ടയിൽ വിമത സ്ഥാനാർഥി ഗഫൂർ നമ്പിയത്ത് 220 വോട്ട് നേടി. സി.പി.എം സ്ഥാനാർഥി മുഹമ്മദ് നവാസ് 146 വോട്ടാണ് നേടിയത്. വിജയിച്ച ലീഗ് സ്ഥാനാർഥി ഷമീർ വാപ്പുവിന് ലഭിച്ചത് 303 വോട്ടാണ്.
സി.പി.എം-ജമാഅത്തെ ഇസ്‍ലാമി ബാന്ധവം ആരോപിക്കപ്പെട്ട ഒന്നാം വാർഡ് കുന്തിപ്പുഴയിൽ ഇടതു സ്വതന്ത്രൻ രണ്ട് വോട്ടിലൊതുങ്ങിയപ്പോൾ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി 179 വോട്ട് നേടി. ശക്തമായ മത്സരം നടന്ന വാർഡുകളായ ചോമേരി, വിനായക നഗർ എന്നിവ സി.പി.എം നേടിയപ്പോൾ, നെല്ലിപ്പുഴ, നമ്പിയം കുന്ന് എന്നിവ ലീഗും ആൽത്തറയും വടക്കുമണ്ണയും കോൺഗ്രസും നേടി. പുതിയ വാർഡായ കോടതിപ്പടിയിൽ പോളിങ്ങിൽ ഇരുമുന്നണി സ്ഥാനാർഥികളും 302 വോട്ട് വീതം നേടിയപ്പോൾ പോസ്റ്റൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒമ്പത് വോട്ടിനാണ് ഇടതു മുന്നണിയിലെ ബിന്ദു വിജയിച്ചത്.
മുണ്ടേക്കാരാട് വാർഡിൽനിന്ന് ജയിച്ച ജ്യോതി കൃഷ്‌ണൻകുട്ടിക്കാണ് നഗരസഭയിലെ ഉയർന്ന ഭൂരിപക്ഷം -636. കോൺഗ്രസിലെ ഗ്രൂപ് കളിയുടെ ഭാഗമായി രണ്ടു സ്ഥാനാർഥികൾ വന്നതാണ് തോരാപുരം വാർഡിൽ ബി.ജെ.പി ജയിക്കാൻ കാരണമായത്. ഇവിടെ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥി സതീഷ് 63 വോട്ട് നേടിയപ്പോൾ വിമത സ്ഥാനാർഥി അജേഷ് 290 വോട്ട് നേടി. രണ്ടുപേരും കൂടി 353 വോട്ടാണ് നേടിയത്. വിജയിച്ച ബി.ജെ.പി സ്ഥാനാർഥി ഒരു സീറ്റ് ഡ്വ.ജയകുമാറിന് ലഭിച്ചത് 303 വോട്ടാണ്. ഭൂരിപക്ഷം 16 വോട്ടും. മുൻ കൗൺസിലർമാരായിരുന്ന ലീഗിലെ മാസിത സത്താർ, സി.പി.എമ്മിലെ ഇബ്രാഹിം എന്നിവരാണ് തോറ്റ പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

