കാട്ടുപന്നി ശല്യം രൂക്ഷം; നെല്ല് ഒഴിവാക്കി കൂർക്ക കൃഷിയിലേക്ക് തിരിഞ്ഞ് കർഷകർ
text_fieldsകല്ലൂർ അരങ്ങാട്ട് പാടശേഖരത്തിൽ കർഷകർ കൂർക്ക വിളവെടുക്കുന്നു
മങ്കര: കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കല്ലൂരിൽ കർഷകർ ഒന്നാംവിള നെൽകൃഷി ഒഴിവാക്കി. പകരം കൂർക്ക കൃഷിയിലേക്ക് തിരിയുകയാണ് കർഷകർ. കല്ലൂർ അരങ്ങാട്ട് പാടശേഖരത്തിലെ 50 തോളം വരുന്ന കർഷകരാണ് നെൽപാടങ്ങളിൽ ഒന്നാം വിളയായി കൂർക്ക കൃഷി ചെയ്തിട്ടുള്ളത്. നിരവധി കർഷകരാണ് ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുള്ളത്. കൂർക്ക കൃഷിയിൽ കാട്ടുപന്നി ശല്യം കുറവാണെന്ന് കർഷകർ പറയുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ കൂർക്ക കൃഷിയിൽ ചെറിയൊരു ലാഭം ലഭിക്കുമെന്ന് കർഷകർ പറയുന്നു. കൂർക്കക്ക് പൊതുവിപണിയിൽ ഈ വർഷം വിലക്കുറവാണന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ വർഷം 45 രൂപ വില കിട്ടിയിരുന്നങ്കിൽ ഇത്തവണ കിലോവിന് 34 രൂപയാണ് വില. കാട്ടുപന്നി ശല്യം പ്രതികൂല കാലാവസ്ഥ എന്നിവ കാരണമാണ് മേഖലയിലെ ചെറുകിട കർഷകരെല്ലാം തന്നെ കൂർക്ക കൃഷിയിലേക്ക് ചേക്കേറിയത്. നീർവാർച്ചക്കായി രണ്ടരഅടി ഉയരത്തിൽ ഏരിയകളാക്കിയാണ് കൂർക്ക തല നടുന്നത്. സാധാരണയായി ജൂൺ മാസത്തിൽ ഇല നടാൻ തുടങ്ങും. ഇല നട്ടാൽ നാലുമാസം ഉണ്ട് വിളവെടുപ്പ് നടത്തും. നിഥി, ശ്രീധര, സുഫല എന്നീ ഇനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. കല്ലൂർ അരങ്ങാട് പാടശേഖരത്തിൽ മാത്രം ഏകദേശം നൂറോളം ഏക്കറിൽ കൂർക്ക കൃഷി ചെയ്തിട്ടുണ്ട്.
ഗ്രാമീണ മേഖലയിൽ കൃഷി ചെയ്യുന്ന കൂർക്കക്കാണത്രേ രുചി കൂടുതൽ. പാലക്കാടൻ കൂർക്ക മറ്റു സംസ്ഥാനങ്ങളിലേക്കും ഗൾഫിലേക്കും കയറ്റി പോകാറുണ്ട്. ഇവിടെനിന്ന് തൃശൂർ എറണാകുളം മാർക്കറ്റിലേക്കാണ് കൂർക്ക കയറ്റി പോകുന്നത്. ദീർഘനാൾ കേടുവരാതെ സൂക്ഷിക്കാനാകുന്നത് ഇതിന്റെ പ്രത്യേകതയാണ്. രണ്ടാം വിളയായി നെൽകൃഷിയാണ് കൃഷി ചെയ്യുന്നതെന്ന് കർഷകരായ പനഞ്ചിക്കൽ ബഷീർ, അഹമ്മദ്, കെ.കെ. റഹ്മാൻ, എ.എസ്. സിദ്ധീഖ്, സൈദലവി, നാസർ, എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

