മങ്കര: ടോൾ പിരിവ് നിർത്തി 10 വർഷം കഴിഞ്ഞിട്ടും റോഡിന് നടുവിൽ സ്ഥാപിച്ച ടോൾ ബൂത്ത് പൊളിച്ചുമാറ്റണമെന്ന ജനകീയ ആവശ്യം നടപ്പായില്ല. ഒന്നരവർഷം മുമ്പ് സ്ഥലം എം.എൽ.എ കെ.വി. വിജയദാസിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഉടൻ നടപടിയെടുക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. പക്ഷേ, ഇന്നേവരെ ടോൾ ബൂത്തിന് അനക്കംസംഭവിച്ചില്ല. മങ്കര കാളികാവ് റോഡിൽ കാളികാവ് പുഴ പാലത്തിന് സമീപത്താണ് ടോൾ ബൂത്ത്.
ഇതിന് ചുറ്റും കാടുമൂടി സാമൂഹികവിരുദ്ധരുടെ താവളമായി. റോഡ് വീതി കുറവായതോടെ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവായി. ടോൾ ബൂത്ത് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരം നടത്തിയിരുന്നു. ദിനംപ്രതി വാഹനാപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പുതിയ ഭരണസമിതിയെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ജനം