മങ്കര: അപ്രതീക്ഷിതമായ മഴയിൽ മങ്കര കൃഷിഭവൻ പരിധിയിലെ പൊടി വിതച്ച 300 ഏക്കർ നെൽകൃഷി വെള്ളം മൂടി പൂർണമായും നശിച്ചു. മങ്കര ഒരാമുള്ളി, കണ്ണമ്പരിയാരം, തരവത്ത് പാടം, പനംബരണ്ടി, കാരാംകോട്, പൂപ്പടം, മേപ്പാടം, ചാത്തംകണ്ടം, ചെമ്മുക, കാളികാവ്, അതിർകാട്, കക്കോട്, തലപ്പൊറ്റ തുടങ്ങിയ പാടശേഖരങ്ങളിലെ 300 ഏക്കർ കൃഷിയാണ് വെള്ളം മൂടി നശിച്ചത്.
രണ്ടാഴ്ച മുമ്പാണ് പൊടിവിത നടത്തിയത്. ഉമ വിത്താണ് കൃഷി ഇറക്കിയത്. മുളച്ച സമയം മഴയിൽ വെള്ളം മൂടിയതോടെ മുള പൂർണമായും അളിഞ്ഞു നശിച്ചു. 100 ഏക്കർ നട്ടു കൃഷി ചെയ്യാനായി ഇട്ട ഞാറ്റടിയും നശിച്ചു. പലരും കടം വാങ്ങിയും ബാങ്ക് വായ്പെയടുത്തുമാണ് ഇത്തവണ കൃഷിയിറക്കിയത്. അഞ്ച് ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി കർഷകർ പറഞ്ഞു.
പി. രാജൻ, പി.എൻ. വത്സകുമാർ, ഹരിദാസൻ, കെ. കൊച്ചുമോൻ, വി. മുകുന്ദൻ, പ്രേമകുമാരൻ, വി. മുഹമ്മദ് കുട്ടി, കെ. രാധാകൃഷ്ണൻ തുടങ്ങിയ 200ലേറെ കർഷകരുടെ കൃഷിയാണ് നശിച്ചത്. നാശനഷ്ടം വിലയിരുത്തി കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കർഷക സംഘം പാലക്കാട് ഏരിയ പ്രസിഡൻറ് എം. നാരായണൻകുട്ടി ആവശ്യപ്പെട്ടു. നശിച്ച കൃഷിയിടം മങ്കര പഞ്ചായത്ത് പ്രസിഡൻറ് എം.എൻ. ഗോകുൽദാസ്, കർഷക സംഘം നേതാവ് എം. നാരായണൻകുട്ടി എന്നിവർ സന്ദർശിച്ചു. കർഷകരുമായും കൃഷി വകുപ്പുമായും കൂടിയാലോചിച്ച് വേണ്ട നടപടികൾ എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.