മങ്കര: യോഗ്യതയില്ലാതെ മണ്ണൂരിൽ ചികിത്സ നടത്തിയിരുന്നയാൾ പൊലീസ് പിടിയിൽ. മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ട പുത്തൻവീട്ടിൽ കെ.എം. മുഹമ്മദലിയാണ് (39) പിടിയിലായത്. പത്താം ക്ലാസ് പോലും യോഗ്യതയില്ലാതെ പാരമ്പര്യ വൈദ്യനെന്ന പേരിലാണ് ചികിത്സ നടത്തിവന്നതെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. മണ്ണൂരിലെ അറബി ചികിത്സാലയത്തിൽ ആഴ്ചയിൽ ഒരു ദിവസമാണ് പരിശോധന.
ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എടപ്പാളിലും ചികിത്സ നടത്തിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹൃദ്രോഗം, പ്രമേയം പോലുള്ള രോഗങ്ങൾക്കും ഇയാൾ ചികിത്സ നടത്തുന്നുണ്ട്. 18 വർഷത്തോളമായി ചികിത്സ നടത്തിവരുന്നതായി ഡി.എം.ഒ ഡോ. ഷിബു പറഞ്ഞു. ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർ ഡോ. ശ്രീധർ, കെ.ആർ. നവീൻ, ഇ.എൻ. ബിജു, മങ്കര സി.ഐ ഹിദായത്തുല്ല മമ്പ്ര എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സി.ഐ അറിയിച്ചു.