നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറി വാഹനങ്ങൾ തകർന്നു
text_fieldsമങ്കര കൂട്ടുപാതക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറി തകർന്ന വാഹനങ്ങൾ
മങ്കര: സംസ്ഥാന പാതയിൽ മങ്കര കൂട്ടുപാതക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് പാതയോരത്തെ വീട്ടിലേക്ക് പാഞ്ഞുകയറി മൂന്ന് വാഹനങ്ങൾ തകർന്നു. അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ബൈക്ക് ഉപേക്ഷിച്ച് മുങ്ങി. വെള്ളിയാഴ്ച പുലർച്ച 3.30ഓടെയാണ് സംഭവം. രണ്ടംഗസംഘം ഓടിച്ച ബൈക്കാണ് നിയന്ത്രണം തെറ്റി വീട്ടിലേക്ക് കയറിയത്.
വീടിന് മുന്നിൽ കൂട്ടിയിട്ടിരുന്ന ചെങ്കല്ലുകളിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന സ്കൂട്ടർ, ബൈക്ക്, ഓട്ടോറിക്ഷ എന്നിവക്ക് മീതെ പാഞ്ഞ് ഇടിച്ചുകയറി വീട്ടിലെ ചുമരിൽ തട്ടി മറിയുകയായിരുന്നു. രജിസ്ട്രേഷൻ കഴിയാത്ത പുതിയ സ്കൂട്ടർ, ബൈക്ക്, ഓട്ടോറിക്ഷ എന്നിവ ഭാഗികമായി തകർന്നിട്ടുണ്ട്. മങ്കര പാലക്കപറമ്പിൽ കെ.ഇ. അസ്സനാരുടെ വീട്ടിലേക്കാണ് ബൈക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് പുറത്ത് വന്നപ്പോൾ യുവാക്കളിലൊരാൾക്ക് മുട്ടിന് പരിക്കേറ്റ നിലയിലായിരുന്നു.
എന്നാൽ വീട്ടുടമ പൊലീസിൽ വിവരം അറിയിക്കാൻ തയാറായതോടെ രണ്ടുപേരും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അപകടത്തിൽപെട്ട ബൈക്കും ഉപേക്ഷിച്ച് ഇവർ സ്ഥലം വിടുകയായിരുന്നു. യുവാവിെൻറ കൈയിൽ ഒരു കവറുണ്ട്. പൊലീസ് സി.സി.ടിവി പരിശോധിച്ചു. കൊല്ലം രജിസ്ട്രഷനുള്ള ബൈക്കാണ്. വീട്ടുടമയുടെ പരാതിയിൽ മങ്കര പൊലീസ് കേസെടുത്തു.

