മങ്കര: കോവിഡ് മഹാമാരിക്കെതിരെ ഓൺലൈനിലൂടെ കടുത്ത പോരാട്ടത്തിലാണ് വി.എസ്. ബേബിവിമല എന്ന അംഗൻവാടി ടീച്ചർ. മഹാമാരിക്കെതിരെ തനിക്ക് ചെയ്യാവുന്നതൊക്കെ വീട്ടിലിരുന്ന് ഓൺലൈനിലൂടെ ചെയ്യുന്ന തിരക്കിലാണ് ടീച്ചർ. മങ്കര 12ാം വാർഡിലെ കുനിയംപാടം അംഗൻവാടിയിലെ അധ്യാപികയാണിവർ. മഹാമാരി പടർന്നതോടെ, വാർഡിലെ ജനങ്ങൾക്കായി ഓൺലൈൻ ബോധവത്കരണ ക്ലാസ് ആരംഭിച്ചു.
ഗർഭിണികൾ, കൗമാര പ്രായക്കാർ, പാലൂട്ടുന്ന വീട്ടമ്മമാർ എന്നിവർക്കായി അനീമിയയെക്കുറിച്ച് 86 പേരെ പങ്കെടുപ്പിച്ച് ആദ്യ ഗൂഗ്ൾ മീറ്റ് നടത്തിയും ഇവർ ജനശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞദിവസങ്ങളിൽ കോവിഡ് വാക്സിനേഷനെക്കുറിച്ച് വാർഡിലെ 160 പേരെ പങ്കെടുപ്പിച്ച് ഓൺലൈനിൽ ബോധവത്കരണം നടത്തുകയും ചെയ്തു. കോവിഡിനെതിരെയുള്ള സന്ധിയില്ലാ സമരത്തിൽ മങ്കര ഗ്രാമപഞ്ചായത്തിനൊപ്പം തന്നെ സജീവമാണ് ബേബിവിമല. തെൻറ വാർഡിലെ മുഴുവൻ വീട്ടമ്മമാരും ഓൺലൈൻ മീറ്റിൽ പങ്കെടുക്കാറുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് നൽകുന്ന സന്ദേശങ്ങളും ടീച്ചർ ഓൺലൈനിലൂടെ നൽകാറുണ്ട്.
സി.ഡി.പി.ഒ, ജില്ല പ്രോഗ്രാം ഓഫിസർ, സൂപ്പർവൈസർ എന്നിവരുടെയൊക്കെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് ഇവർ ബോധവത്കരണം നടത്തുന്നത്. 2017-18ൽ മികച്ച അംഗൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ബേബി വിമലയെ തേടിയെത്തിയിരുന്നു.