മങ്കര: ഓല കരിച്ചിലും മഞ്ഞളിപ്പ് രോഗവും വ്യാപകമായതോടെ മങ്കര അതിർകാട് പാടശേഖരത്തിലെ 20 ഏക്കർ ഒന്നാംവിള നാശത്തിലേക്ക്. കതിർ വരാറായ സമയത്താണ് ഇവ വ്യാപകമായി പടരുന്നത്. കർഷകരുടെ പരാതിയിൽ മങ്കര കൃഷി ഓഫിസർ സ്മിത സാമുവൽ സ്ഥലം സന്ദർശിച്ചിരുന്നു.
അവർ നിർദേശിച്ച മരുന്നുകൾ നൽകിയിട്ടും ഒട്ടും കുറവില്ലെന്ന് സമിതി സെക്രട്ടറി കെ.വി. സേതുമാധവൻ, പ്രസിഡൻറ് കെ.വി. പഴണൻകുട്ടി എന്നിവർ പറഞ്ഞു. സേതുമാധവൻ, പഴണൻകുട്ടി, ലത രാജേന്ദ്രൻ, കണ്ണൻ, ബാബുരാജ്, മോഹനൻ, വിജയൻ തുടങ്ങിയ കർഷകരുടെ ഒന്നാം വിളയിലാണ് മഞ്ഞളിപ്പ് രോഗം കണ്ടുവരുന്നത്. അക്ഷയ വിത്താണ് ഒന്നാം വിളയായി കൃഷിയിറക്കിയത്.
നെൽക്കതിരിെൻറ അടിഭാഗം അളിഞ്ഞ് നശിക്കുന്ന അവസ്ഥയാണ്. ഏക്കറിന് 20000 രൂപയോളം ചെലവായിട്ടുണ്ട്. 30 ഹെക്ടർ നെൽക്കൃഷിയിലേക്ക് ഇവ ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. വിളനാശം സംഭവിച്ച കർഷകർക്ക് ധനസഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.