യുവാവ് ഉടമക്ക് തിരിച്ചേൽപ്പിച്ചത് വീണു കിട്ടിയ പത്തര പവൻ സ്വർണാഭരണം
text_fieldsപട്ടാമ്പി: ആക്രി കച്ചവടക്കാരനായ അബ്ദുൽ സബാദിന്റെ പത്തര മാറ്റ് സത്യസന്ധതയിൽ ഉടമക്ക് തിരിച്ചു കിട്ടിയത് വീണു പോയ പത്തര പവൻ സ്വർണാഭരണം. ഓണാവധിക്ക് നാട്ടിലെത്തിയുള്ള മടക്കയാത്രയിൽ ഓട്ടോ റിക്ഷയിൽ നിന്ന് വീണുപോയ ആഭരണങ്ങളും വിലപിടിപ്പുള്ള രേഖകളുമടങ്ങുന്ന ബാഗ് പട്ടാമ്പി ബിജു നിവാസിൽ ബിന്ദു പൊലീസ് സ്റ്റേഷനിൽനിന്ന് ഏറ്റുവാങ്ങി.
ചെന്നൈയിൽ താമസക്കാരിയായ ബിന്ദു ഝാർഖണ്ഡിൽ താമസമാക്കിയ സഹോദരി സുജാതക്കൊപ്പം ഓണവും കുടുംബത്തിലെ വിവാഹവും കഴിഞ്ഞു പട്ടാമ്പിയിൽനിന്ന് ഒറ്റപ്പാലത്തേക്കു യാത്രചെയ്യുമ്പോഴാണ് ബാഗ് വീണുപോയത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഇറങ്ങിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്. തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് യാത്ര തുടർന്നു.
ചൊവ്വാഴ്ച രാത്രി മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽനിന്ന് സ്ക്രാപ് കച്ചവടക്കാരനായ ഓങ്ങല്ലൂർ കുന്നംകുളത്തിങ്ങൽ അബ്ദുൽ സബാദിനാണ് ബാഗ് ലഭിച്ചത്. സബാദ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.എം. മുജീബുദ്ദീനൊപ്പം പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് ഏൽപ്പിച്ചു. രേഖകൾ നോക്കി പൊലീസ് ഉടമകളെ ബന്ധപ്പെടുകയും സഹോദരിമാർ ചെന്നൈയിൽ വണ്ടിയിറങ്ങി തിരിച്ചെത്തുകയുമായിരുന്നു.
പട്ടാമ്പി സ്റ്റേഷൻ ഓഫീസർ എസ്.അൻഷാദിന്റെ സാന്നിധ്യത്തിൽ അബ്ദുൽ സബാദ് ബാഗ് കൈമാറി. യുവാവിന്റെ സത്യസന്ധതയെ പൊലീസും ആഭരണ ഉടമകളും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

