കത്തിയ കാറിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
text_fieldsമുണ്ടൂർ: കാർ കത്തിയതിനെത്തുടർന്ന് മരിച്ച യാത്രക്കാരന്റെ മൃതദേഹം കാറുടമയുടെ ബന്ധുക്കൾക്ക് കൈമാറിയെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഉടമ മുണ്ടൂർ വേലിക്കാട് മുഴുവഞ്ചേരി പോൾ ജോസഫാകാം (63) മരിച്ചതെന്ന നിഗമനത്തിലാണ് മൃതദേഹം വിട്ടുകൊടുത്തത്. ഡി.എൻ.എ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വൃക്തതയുണ്ടാകൂവെന്ന നിലപാടിലാണ് പൊലീസ്. ധോണി - പൊരിയാനി റോഡിൽ കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് നിർത്തിയിട്ട കാർ കത്തിയത്.
തീയണക്കുന്നതിനിടെ അഗ്നിരക്ഷസേനയാണ് കാറിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. ഹേമാംബിക നഗർ പൊലീസും ഫോറൻസിക് വിദഗ് ധരും സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. പിന്നീട് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. റബർ കർഷകനാണ് കാർ ഉടമയായ പോൾ ജോസഫ്. ഇദ്ദേഹം ആത്മഹത്യ ചെയ്യാനിടയില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കാറിന്റെ സഞ്ചാര സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് പോകുന്ന ദൃശ്യങ്ങളിൽ ഉടമ തന്നെയാണ് കാർ ഓടിച്ചതെന്ന് കണ്ടെത്തിയെങ്കിലും സംഭവസമയത്ത് കാറിലുണ്ടായിരുന്നത് ഉടമയാണോയെന്നതിൽ തെളിവ് ലഭിച്ചിട്ടില്ല. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മൈലമ്പുള്ളി സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

