മലബാർ സിമന്റ്സ്; ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് ഇന്ന് 14 വർഷം
text_fieldsമലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും കുടുംബവും
പാലക്കാട്: മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറി വി. ശശീന്ദ്രനും രണ്ടു മക്കളും ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ട് വെള്ളിയാഴ്ച 14 വർഷം പൂർത്തിയായി. 2011 ജനുവരി 24നാണ് ശശീന്ദ്രൻ (46), മക്കളായ വിവേക് (11), വ്യാസ് (എട്ട്) എന്നിവരെ കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നടുക്കം സൃഷ്ടിച്ച സംഭവം നിരവധി വിവാദങ്ങൾക്കും തുടക്കമിട്ടു. മലബാർ സിമന്റ്സിൽ 2001ൽ 400 കോടിയുടെ അഴിമതി നടന്നതായി പുറത്തുവന്ന സി.എ.ജി റിപ്പോർട്ടാണ് അഴിമതിക്കേസായി വികസിച്ചതും പിന്നീട് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിന് വഴിവെച്ചതും.
2006-07ലാണ് റിപ്പോർട്ട് പുറത്തുവന്നത്. വിഷയം നിയമസഭയിലടക്കം ആളിക്കത്തിയതോടെ 2008ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്വേഷണത്തിന് ഉത്തരവിട്ടു. 2010ൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച മൂന്നു കേസിലും പ്രധാന സാക്ഷിയായിരുന്നു മലബാർ സിമന്റ്സിലെ ഇന്റേണൽ ഓഡിറ്ററും കമ്പനി സെക്രട്ടറിയുമായിരുന്ന ശശീന്ദ്രൻ. കേസിൽ 29ഓളം പ്രതികളാണുണ്ടായിരുന്നത്.
ശശീന്ദ്രന്റെ വെളിപ്പെടുത്തലുകളായിരുന്നു അന്വേഷണത്തിന് സഹായകമായത്. ശശീന്ദ്രന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ശശീന്ദ്രനെ ഇന്റേണൽ ഓഡിറ്റർ പദവിയിൽനിന്ന് നീക്കി. തനിക്ക് ഭീഷണിയുണ്ടെന്നും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് ശശീന്ദ്രൻ കത്തെഴുതിയെങ്കിലും പിന്നീട് അത് തിരുത്തേണ്ടി വന്നു. അധികം വൈകാതെ കമ്പനി സെക്രട്ടറി സ്ഥാനം ശശീന്ദ്രൻ രാജിവെച്ചു. പ്രതികൾക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച മൂന്നാം നാളിലാണ് ശശീന്ദ്രനെയും മക്കളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ടീന ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്.
ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടീനയും ശശീന്ദ്രന്റെ പിതാവ് വേലായുധനും ചേർന്ന് ഹരജി നൽകി. ഇത് ഹൈകോടതി അംഗീകരിക്കുകയും സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്തതാണെന്ന റിപ്പോർട്ടാണ് സി.ബി.ഐയും സമർപ്പിച്ചത്. 2018 ജൂലൈ 14ന് ശശീന്ദ്രന്റെ ഭാര്യയും പ്രധാന സാക്ഷിയുമായ ടീനയും മരിച്ചതോടെ ഒരു കുടുംബം തന്നെ ഇല്ലാതായി.
കൊച്ചിയിലെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ടീന കോയമ്പത്തൂരിലെ ആശുപത്രിയിലാണ് മരിച്ചത്. ഈ സംഭവത്തിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. മക്കളെ കൊന്ന് കെട്ടിത്തൂക്കിയശേഷം ശശീന്ദ്രൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസും സി.ബി.ഐയും കണ്ടെത്തിയത്. എന്നാൽ, കൊലപാതകമാണെന്ന് ശശീന്ദ്രന്റെ കുടുംബം ഉറപ്പിച്ചുപറയുന്നു. സി.ബി.ഐയുടെ കണ്ടെത്തലിനെ ഹൈകോടതി നിശിതമായി വിമർശിക്കുകയും ചെയ്തു. കേസിൽ തുടരന്വേഷണ കുറ്റപത്രം സമർപ്പിച്ചിട്ട് ഒന്നര വർഷമായി.
മലബാർ സിമന്റ്സ് അഴിമതിക്കേസിന്റെയും ശശീന്ദ്രൻ കേസിന്റെയും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രതികൾ ഓരോ തടസ്സങ്ങൾ ഉന്നയിക്കുന്നതും സ്റ്റേ വാങ്ങുന്നതും കാരണം അനിശ്ചിതമായി നീളുകയാണ്. സർക്കാറും ഇതിന് കൂട്ടുനിൽക്കുകയാണെന്നാണ് ശശീന്ദ്രന്റെ സഹോദരൻ ഡോ. വി. സനൽകുമാറിന്റെയും മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്തിന്റെയും ആരോപണം. 14 വർഷമായിട്ടും വിചാരണപോലും ആരംഭിക്കാതെ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ഇരുവരും ആരോപിച്ചു. സർക്കാറിനെ പിടിച്ചുലച്ച കേസിലെ സത്യാവസ്ഥ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

