ബസിൽ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ
text_fieldsശിവാജിയുമായി എക്സൈസ് ഉദ്യോഗസ്ഥർ
പാലക്കാട്: രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 30 ലക്ഷവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്കുള്ള തമിഴ്നാട് ആർ.ടി.സി ബസിൽനിന്ന് ഗുംഗൂർ സ്വദേശി ശിവാജിയാണ്(28) പിടിയിലായത്. വാളയാർ അതിർത്തിയിൽ എക്സൈസിന്റെ പതിവ് വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഇയാളെ പരിശോധിക്കുകയായിരുന്നു.
വിശദ പരിശോധനയില്‍ ബാഗിലെ വസ്ത്രങ്ങൾക്കിടയിൽ രണ്ട് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന 30 ലക്ഷം കണ്ടെത്തി. രേഖകൾ ആവശ്യപ്പെട്ടപ്പോൾ ശിവാജി കൈമലർത്തി. ഒടുവിൽ എറണാകുളത്തേക്കാണ് യാത്രയെന്നും പണമെത്തിച്ചാൽ കിട്ടുന്ന ഇരുപത്തിയയ്യായിരം രൂപ മോഹിച്ചാണ് പുറപ്പെട്ടതെന്നും മൊഴി നൽകുകയായിരുന്നു.
പണത്തിനൊപ്പം ശിവാജിയെയും വാളയാർ പൊലീസിന് കൈമാറി. പതിവ് കടത്തുകാരനാണോ, ബന്ധമുള്ളവർ ആരൊക്കെ എന്നീ കാര്യങ്ങളിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് വാളയാർ പൊലീസ് അറിയിച്ചു.

