തെരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരക്കാൻ ജെൻ സികളും
text_fieldsപാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരക്കാൻ ജെൻ സികളും രംഗത്ത്. പ്രായം കുറഞ്ഞ സ്ഥാനാർഥികളെയാണ് പലയിടത്തും മുന്നണികൾ മത്സര രംഗത്തിറക്കിയിട്ടുള്ളത്. മിക്കവരുടെയും കന്നി അങ്കമാണിത്. പാലക്കാട് നഗരസഭയിൽ എൽ.ഡി.എഫ്, ബി.ജെ.പി മുന്നണികൾക്ക് പ്രായം കുറഞ്ഞ സ്ഥാനാർഥികളുണ്ട്.
പാലക്കാട് നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥി അനുഷമോൾക്ക് 23 വയസ്സാണ് പ്രായം. 18ാം വാർഡ് നരികുത്തിയിലാണ് അനുഷമോൾ മത്സരിക്കുന്നത്. ബി.എ ഇക്കണോമിക്സ് പഠനത്തിനുശേഷം വിവാഹം കഴിഞ്ഞു. ഭർത്താവ് സുനീർ നരികുത്തിയിലെ പാർട്ടി മെംബറാണ്. ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ആയിരത്തിലധികം വോട്ടർമാരുള്ള ബൂത്തിൽ അംഗൻവാടി ആരംഭിക്കണമെന്നും ക്ഷേമപെൻഷൻ സംബന്ധിച്ച് ആളുകൾക്ക് കൂടുതൽ ബോധവത്കരണം നൽകണമെന്നുമാണ് അനുഷയുടെ ആഗ്രഹം.
47ാം വാർഡ് മേലാമുറിയിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന എം. വിസ്മയക്ക് 25 വയസ്സാണ്. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ്. വടക്കന്തറ സ്വദേശി മണികണ്ഠന്റെയും ബിന്ദുവിന്റെയും മകളാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുവതലമുറക്ക് മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് തയാറെടുക്കുന്നതിനായി കോച്ചിങ് സെന്ററും ഒപ്പം വായനശാലയും തന്റെ വാർഡിൽ തുടങ്ങണമെന്നാണ് വിസ്മയയുടെ ആഗ്രഹം.
ജില്ല പഞ്ചായത്തിലേക്ക് കോഴിപ്പാറ ഡിവിഷനിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അശ്വതി മണികണ്ഠന് ഏതാനും ദിവസം മുമ്പാണ് 23 വയസ്സ് തികഞ്ഞത്. ഷൊർണൂർ അൽ അമീൻ കോളജിൽ എൽ.എൽ.ബി ഒന്നാം വർഷ വിദ്യാർഥിനിയാണ് അശ്വതി. തികഞ്ഞ കോൺഗ്രസ് കുടുംബത്തിൽനിന്നുമാണ് അശ്വതിയുടെ വരവ്. പിതാവ് ഒ.കെ. മണികണ്ഠനും മാതാവ് എം.പി. അജിതയും നേരത്തെ കോൺഗ്രസിനായി മത്സരരംഗത്തിറങ്ങിയിട്ടുള്ളവരാണ്.
പാലക്കാട് നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അനുഷമോൾ, ബി.ജെ.പി സ്ഥാനാർഥി എം. വിസ്മയ, ജില്ല പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി അശ്വതി മണികണ്ഠൻ, കോങ്ങാട് പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പി. ഹരികൃഷ്ണൻ
എലപ്പുള്ളി സ്വദേശിനി അശ്വതി ജവഹർ ബാലമഞ്ചിന്റെ പ്രവർത്തകയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായും പ്രവർത്തന പരിചയമുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളെ മുന്നോട്ടുകൊണ്ടുവരിക എന്നതാണ് അശ്വതിയുടെ പ്രധാന ലക്ഷ്യം. കോങ്ങാട് ഗ്രാമപഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനേഴാം വാർഡ് പാറശ്ശേരിയിൽ അങ്കം കുറിക്കാൻ പ്രായം കുറഞ്ഞ യുവ സ്ഥാനാർഥി രംഗത്തുണ്ട്. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ എം.കോം വിദ്യാർഥി പി. ഹരികൃഷ്ണനാണ് സ്ഥാനാർഥി.
22 കാരനായ ഹരികൃഷ്ണൻ പേരംകുളങ്ങര ശങ്കരന്റെയും ലളിതയുടെയും മകനാണ്. കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 30 വർഷക്കാലത്തിന് ശേഷം പാലക്കാട് വിക്ടോറിയ കോളജിൽ കെ.എസ്.യു.വിന് വിജയം നേടികൊടുത്ത സാരഥിയാണ്. വിക്ടോറിയ കോളജ് യൂനിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോളജിലെ മുൻ യൂനിയൻ ജനറൽ സെക്രട്ടറിയാണ്. എല്ലാവരുടെയും പ്രചാരണം തകൃതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

