ഇളകുമോ പാലക്കാട് മണ്ഡലം?
text_fieldsപാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രവചനാതീതമാണ് പാലക്കാട് മണ്ഡലം. ഷാഫി മുതൽ യു.ഡി.എഫ് കുത്തകയായിരുന്ന പാലക്കാട് ഇ. ശ്രീധരൻ എൻ.ഡി.എ സ്ഥാനാർഥിയായിവന്നപ്പോൾ ചെറിയ ഇളക്കം കാണിച്ചുവെങ്കിലും യു.ഡി.എഫിനെ കൈവിട്ടില്ല. രാഹുൽ വന്നപ്പോൾ അത് ഒന്നുകൂടി ദൃഢമായി. ഈ സമയത്തെല്ലാം മണ്ഡലത്തിന്റെ ശക്തി കൂട്ടിയത് പിരായിരി പഞ്ചായത്താണ്. എന്നാൽ 2025 തദ്ദേശതെരഞ്ഞെടുപ്പ് അത്ര ആശാവഹമല്ല.
2020ൽ 21ൽ 10 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം കൈയാളിയിരുന്നത്. സ്വതന്ത്രരുൾപ്പെടെ എട്ട് പേർ എൽ.ഡി.എഫിനും മൂന്ന് സീറ്റ് എൻ.ഡി.എക്കുമായിരുന്നു. 2025ൽ 24 വാർഡിൽ യു.ഡി.എഫ് 11 സീറ്റ് നേടിയപ്പോൾ എൽ.ഡി.എഫ് എട്ടും എൻ.ഡി.എ നാലും വെൽഫെയർ പാർട്ടി ഒരു സീറ്റും നേടി. ഇവിടെ യു.ഡി.എഫിൽ നിന്ന് അകന്നാണ് വെൽഫെയർ പാർട്ടി വിജയിച്ചു കയറിയത്.
എന്നാൽ 2024ലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 13464 വോട്ട് യു.ഡി.എഫ് പിരായിരിയിൽ നേടിയിരുന്നു. എതിർ സ്ഥാനാർഥികളായ എൽ.ഡി.എഫിന് 6,846 വോട്ടും എൻ.ഡി.എക്ക് 5,342 വോട്ടുമാണ് ലഭിച്ചത്. കണ്ണാടി പഞ്ചായത്തിൽ 2020ൽ എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് ഏഴ് എന്നതായിരുന്നുവെങ്കിൽ 2025ൽ അത് എൽ.ഡി.എഫ് 12, യു.ഡി.എഫ് അഞ്ച് എന്ന നിലയിലായി.
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 6,272 വോട്ട് നേടി 6,665 വോട്ട് നേടിയ എൽ.ഡി.എഫിനോട് ഒപ്പത്തിനൊപ്പം നിന്ന പഞ്ചായത്തായിരുന്നു. 3,618 വോട്ട് നേടിയ എൻ.ഡി.എക്ക് ഇൗ തെരഞ്ഞെടുപ്പിൽ കാര്യമായ ചലനം ഉണ്ടാക്കാനായില്ല. മാത്തൂരിലും സ്ഥിതി വ്യത്യസ്ഥമല്ല. 2020ൽ യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് ഏഴ്, എൻ.ഡി.എ ഒന്ന് എന്ന നിലയിലായിരുന്നുവെങ്കിൽ 2025ൽ അത് യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് എട്ട്, എൻ.ഡി.എ ഒന്ന് എന്ന നിലയിലായി ഭരണം ത്രിശങ്കുവിലായി. ഇവിടെ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 6,529ഉം എൽ.ഡി.എഫ് 6,926ഉം എൻ.ഡി.എ 3,089ഉം വോട്ടുകളാണ് നേടിയത്. നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.
2025 ലെ തദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 17, എൽ.ഡി.എഫ് 10 (രണ്ട് പേർ സ്വത), എൻ.ഡി.എ 25, സ്വതന്ത്രൻ ഒന്ന് എന്ന നിലയിൽ നേടിയപ്പോൾ 2020ൽ അത് യു.ഡി.എഫ് -12, എൽ.ഡി.എഫ് -ആറ്, എൻ.ഡി.എ -28, മറ്റുള്ളവർ -ആറ് എന്ന നിലയിലായിരുന്നു. നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നഗരസഭയിൽ യു.ഡി.എഫ് 31,787, എൽ.ഡി.എഫ് 16,719, എൻ.ഡി.എ 27,197 എന്നതായിരുന്നു വോട്ടിങ് നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

