വനിത ശാക്തീകരണം ഊട്ടിയുറപ്പിക്കുന്ന തെരഞ്ഞെടുപ്പ് -സുമലത മോഹൻദാസ്
text_fieldsസുമലത മോഹന്‍ദാസ്
സി.പി.ഐയുടെ കേരളത്തിലെ ആദ്യ വനിത ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പാലക്കാട് ജില്ല സെക്രട്ടറി സുമലത മോഹന്‍ദാസ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെയും പാർട്ടിയുടെയും നിലപാടും ഏറ്റെടുത്ത ഉത്തരവാദിത്തെ കുറിച്ചും വനിതകള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ചും സുമലത മോഹന്‍ദാസ് ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
ജില്ല സെക്രട്ടറിയായുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ്
സി.പി.ഐ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള ആദ്യ തദ്ദേശതെരഞ്ഞെടുപ്പാണ് ഇത്. എൽ.ഡി.എഫ് പത്ത് വർഷംകൊണ്ട് നേടിയെടുത്ത സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ പ്രതിഫലനമാകും ഈ തെരഞ്ഞെടുപ്പ്. എല്ലാവർക്കും വീട് എല്ലാവർക്കും ഭക്ഷണം എന്നത് യാഥാർഥ്യമാക്കിയതിന്റെ ചാരിതാർഥ്യവുമായാണ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമാക്കുകയും ഭൂമിക്ക് രേഖകൾ നൽകുകയും ചെയ്തു. ഇതും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ജില്ലയിൽ പ്രചാരണത്തിൽ ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ് എൽ.ഡി.എഫ്.
സ്ത്രീ ശാക്തീകരണത്തിൽ എൽ.ഡി.എഫ് എന്നും മുന്നിൽ
സ്ത്രീ ശാക്തീകരണത്തിൽ എൽ.ഡി.എഫ് പ്രത്യേകിച്ച് സി.പി.ഐ എന്നും മുന്നിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.ഐ വാർഡുകളിൽ 60 ശതമാനത്തിൽ അധികം സ്ത്രീകളെയാണ് മത്സരിപ്പിക്കുന്നത്. ഇടതു മുന്നണി ഭരണത്തില്‍ വന്നശേഷം സ്ത്രീകള്‍ക്ക് ഒരുപാട് അവസരങ്ങള്‍ വന്നു. കുടുംബശ്രീ സംവിധാനത്തിലൂടെ സ്ത്രീകള്‍ക്ക് വലിയ മാറ്റം വന്നു. നിലവിൽ സഹായം ലഭിക്കാത്ത 35നും 60നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന കേരള സർക്കാറിന്റെ സ്ത്രീ സുരക്ഷാ പദ്ധതി, പെൻഷൻ 2000 ആയി വർധിപ്പിച്ചത് എല്ലാം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകതന്നെ ചെയ്യും.
ജില്ലയിൽ ഇടതുമുന്നണി സജീവം
ജില്ലയിൽ ഇടതുമുന്നണി വളരെ സജീവമാണ്. 88 പഞ്ചായത്തുകളിൽ 62ലും നിലവിൽ എൽ.ഡി.എഫ് ആണ്. ഇത്തവണ ഇനിയും വർധിക്കും. േബ്ലാക്ക് പഞ്ചായത്തുകളിലും ജില്ല പഞ്ചായത്തിലും വൻ മുന്നേറ്റംതന്നെയുണ്ടാകും. മുന്നണി സംവിധാനത്തിൽ ചില പഞ്ചായത്തുകളിൽ വീഴ്ചകളുണ്ട്. തൃത്താല, പട്ടാമ്പി പോലുള്ള സ്ഥലങ്ങളിൽ മുന്നണി സംവിധാനമില്ലാതെ സി.പി.ഐ ഒറ്റക്കാണ് മത്സരിക്കുന്നത്. അത് പ്രാദേശികമായ ചില പ്രശ്നങ്ങളാണ്. േബ്ലാക്ക്, ജില്ല പഞ്ചായത്തുകളിൽ അത്തരം പ്രശ്നങ്ങൾ പ്രതിഫലിക്കില്ല.
സേവ് സി.പി.ഐ ദുർബലം
ജില്ലയിൽ പ്രവർത്തിക്കുന്ന സേവ് സി.പി.ഐ വളരെ ദുർബലമാണ്. തദ്ദേശ തലങ്ങളിൽ പോലും ഒറ്റക്ക് നിൽക്കാനാവുന്നില്ല. തച്ചനാട്ടുകര, കുമരനെല്ലൂർ പഞ്ചായത്തുകളിലാണ് ഇവർ കാര്യമായി മത്സരിക്കുന്നത്. ഒറ്റക്ക് മത്സരിക്കാൻ കെൽപില്ലാത്തവർ കോൺഗ്രസിനോടൊപ്പം ചേർന്നാണ് മത്സരിക്കുന്നത്. ഇത്തരം നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യും. ഇൗ തെരഞ്ഞെടുപ്പോടെ അവർ ചിത്രത്തിലാതെയാകും.
അക്രമ രാഷ്ട്രീയം ബി.ജെ.പി മുഖമുദ്ര
അക്രമ രാഷ്ട്രീയമാണ് ബി.ജെ.പിയുടെ മുഖമുദ്ര. ജനാധിപത്യ അവകാശങ്ങളെയും വോട്ടവകാശത്തെയും നിഷേധിക്കുന്ന ബി.ജെ.പി നിലപാടുകൾ അവർക്ക് തിരിച്ചടിയാകും. സ്ത്രീകളെ തള്ളിപ്പറയുന്ന നിലപാടുകളാണ് ബി.ജെ.പിയുടേത്. സ്ത്രീ ശാക്തീകരണത്തിൽ വ്യക്തമായ നിലപാടുള്ള ഇടതുപക്ഷ നിലപാടുകളെ വോട്ടർമാർ പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർ തിരിച്ചറിയുകതന്നെ ചെയ്യും. പാലക്കാട് നഗരസഭ തിരിച്ചു പിടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

