ദേശീയപാതയിൽ ലൈൻ ട്രാഫിക് പ്രവൃത്തി തുടങ്ങി
text_fieldsവാളയാർ-വടക്കഞ്ചേരി നാലുവരി പാതയിൽ കാഴ്ചപറമ്പിൽ നടക്കുന്ന ട്രാഫിക് ലൈൻ പ്രവൃത്തി
പാലക്കാട്: ദേശീയപാത അപകടരഹിതമാക്കാൻ ലൈൻ ട്രാഫിക് പ്രവൃത്തി തുടങ്ങി. വാളയാർ-വടക്കഞ്ചേരി നാലുവരി പാതയിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ലൈനുകൾ പലയിടത്തും വ്യക്തതയില്ലാതാവുകയും മാഞ്ഞുപോകുകയും ചെയ്തതോടെയാണ് കരാർ കമ്പനി വീണ്ടും പ്രവൃത്തി തുടങ്ങിയത്. ഭാരവാഹനങ്ങൾ സ്പീഡ് ട്രാക്കിലൂടെ സഞ്ചരിക്കുമ്പോൾ മറ്റു വാഹനങ്ങൾ ഓവർടേക്കിന് ശ്രമിക്കുകയും ഇത് അപകടത്തിന് കാരണമാകുന്നതായും ദേശീയപാത കരാർ കമ്പനിയായ വാളയാർ-വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം അപകടത്തിനും കാരണം ലൈൻ ട്രാഫിക് ലംഘനമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ലൈൻ ട്രാഫിക് സംവിധാനം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെയാണ് പ്രവൃത്തി തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകളിൽ ലൈൻ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകൾ രണ്ട് ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ചരക്കുലോറികൾ, മറ്റു ഭാരവാഹനങ്ങൾ, ട്രക്കുകൾ തുടങ്ങിയവ ഇടതുവശത്തിലൂടെ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതടക്കം കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

