ലെവൽ ക്രോസ് അറ്റകുറ്റപ്പണി; ജീവൻ കൈയിൽ പിടിച്ച് ദുരിതയാത്ര
text_fieldsലെവൽ ക്രോസ് അറ്റകുറ്റപണികളെ തുടർന്ന് റെയിൽവേ ട്രാക്കിലൂടെ മറുവശത്ത് കടക്കുന്നവർ
കൊല്ലങ്കോട്: അറ്റകുറ്റപ്പണിക്കായി ലെവൽ ക്രോസ് അടച്ചിട്ടതിനാൽ രോഗികളടക്കമുള്ള യാത്രക്കാർ ദുരിതത്തിൽ. ലെവൽ ക്രോസ് അടച്ചിട്ടതിനാൽ കൊല്ലങ്കോട്, നെന്മാറ, മുതലമട പ്രദേശങ്ങളിൽ നിന്നും പാലക്കാട്, ചിറ്റൂർ, കൊടുവായൂർ പ്രദേശങ്ങളിലേക്ക് പോകുന്നവർ റെയിൽവേ ഗേറ്റിനടുത്ത് ബസിറങ്ങിയ ശേഷം റെയിൽവേ സ്റ്റേഷനകത്ത് കയറി ട്രാക്ക് മുറിച്ച് കടന്നുവേണം പുതുനഗരം റോഡിൽ എത്തിച്ചേരാൻ.
കഴിഞ്ഞ തവണ ലെവൽ ക്രോസ് അറ്റകുറ്റപണികൾ നടക്കുമ്പോൾ ട്രാക്കിന് വശത്തിലൂടെ തന്നെ കാൽനടയാത്ര അനുവദിച്ചിരുന്നു. ഇത്തവണ കാൽനടയാത്ര അനുവദിക്കാത്തതിനാൽ റെയിൽവേ ട്രാക്കിലൂടെ 200 മീറ്ററിൽ അധികം നടക്കേണ്ട അവസ്ഥയാണ്. ഇത് വിദ്യാർഥികൾക്കും ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കും ദുരിതമായി. റെയിൽവേ നടപടിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ലെവൽ ക്രോസിലെ അറ്റപ്പണികൾ നല്ല രീതിയിൽ നടക്കുന്നതിനാണ് യാത്രക്കാരെ വഴി തിരിച്ചുവിട്ടതെന്നാണ് അധികൃതരുടെ ന്യായീകരണം.
അപകടം ഏത് സമയത്തും സംഭവിക്കാവുന്ന തരത്തിലാണ് നിലവിൽ യാത്രക്കാർ സ്റ്റേഷനകത്ത് കടന്ന് ട്രാക്കിലൂടെ നടന്ന് വീണ്ടും മറുവശത്ത് കടക്കുന്നത്. ചരക്ക് ട്രെയിനുകൾ അമിതവേഗതിയിൽ വരുന്നതിനാൽ വയോധികർ ഉൾപ്പെടെ ട്രാക്കിൽ നടന്ന് മറുവശത്ത് കടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

