പുലി ആടിനെ കൊന്നു: ഭീതിയിൽ കാഞ്ഞിരപ്പുഴ
text_fieldsകാഞ്ഞിരപ്പുഴയിൽ പുലിയുടെ കടിയേറ്റ വളർത്താട്
കാഞ്ഞിരപ്പുഴ: ഗ്രാമപഞ്ചായത്തിലെ വനമേഖലക്കടുത്ത് ജനവാസ മേഖലയിൽ പുലി ഇറങ്ങി കർഷകന്‍റെ വളർത്താടിനെ കൊന്നുതിന്നുകയും മറ്റൊരു ആടിനെ മാരക രീതിയിൽ മുറിവേൽപിക്കുകയും ചെയ്തു. കാഞ്ഞിരപ്പുഴ പള്ളിപ്പടി പാനവായിൽ തോമസിന്‍റെ വീടിനടുത്ത് സ്ഥാപിച്ച കൂട്ടിൽ കെട്ടിയിട്ടിരുന്ന രണ്ടു വളർത്താടുകളെയാണ് പുലി പിടിച്ചത്. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെ ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടു നോക്കുമ്പോഴാണ് പുലിയുടെ സാന്നിധ്യം മനസ്സിലായത്. വീട്ടുകാർ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിമറയുകയായിരുന്നു.
ജനവാസ മേഖലയിൽ പുലി ഇറങ്ങി വളർത്താടുകളെ പിടികൂടിയ സംഭവം പ്രദേശവാസികളിൽ പുലിപ്പേടി വർധിപ്പിച്ചു. വളർത്തുമൃഗങ്ങളെ പോറ്റി ഉപജീവനം കണ്ടെത്തുന്ന നിരവധി പേർ പ്രദേശത്തുണ്ട്. പുലി അടക്കമുള്ള വന്യമൃഗങ്ങളിൽനിന്ന് ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്നാണ് പൊതു ആവശ‍്യം.
പുതുപ്പരിയാരത്തും പുലിപ്പേടി; കാമറ സ്ഥാപിച്ചു
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിലും പുലി ഇറങ്ങിയതായി നാട്ടുകാർ അറിയിച്ച പശ്ചാത്തലത്തിൽ വനപാലകർ കാമറ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജങ്ഷനിലെ കെ.എം.ആർ അവന്യൂ ഹൗസിങ് കോളനിയിൽ പുലിയിറങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച രാത്രി 11.30ഓടെ പുലിയെ കണ്ടുവെന്ന് നാട്ടുകാരിലൊരാൾ വനം ദ്രുത പ്രതികരണസേനയെ വിവരമറിയിക്കുകയായിരുന്നു. സംഭവസമയം നായ്ക്കൾ നിർത്താതെ കുരച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ആർ.ആർ.ടി അംഗങ്ങൾ സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയെങ്കിലും ആ സമയം പുലിയെ കണ്ടതുമില്ല. പുലിയുടേതെന്ന് കരുതുന്ന കാൽപാടുകളും കണ്ടെത്തിയില്ല.
പുലിയെ കണ്ടെന്ന് പരിസരവാസി പറഞ്ഞ സാഹചര്യത്തിൽ ഇത് വരാനുള്ള സാധ്യത വനപാലകർ തള്ളിക്കളയുന്നില്ല. അതേസമയം, വനപാലകരും ആർ.ആർ.ടിയും ജനസുരക്ഷ മാനിച്ച് പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലത്തും പരിസരങ്ങളിലും രാത്രികാല റോന്തുചുറ്റൽ നടത്തും. ജനപ്രതിനിധികളും പൗരപ്രമുഖരും സ്ഥലം സന്ദർശിച്ചു. പുലിയെ കണ്ടതായ വിവരം മാസങ്ങൾക്കുശേഷം വീണ്ടും പുതുപ്പരിയാരത്തെ ഭീതിയിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

