അമ്മപ്പുലി പോയില്ല? തെരുവ് നായെ കടിച്ച് കീറി; ഭീതി മാറാതെ നാട്ടുകാർ
text_fieldsഅമ്മപ്പുലിയുടെ സി.സി.ടി.വി ദൃശ്യം
അകത്തേത്തറ (പാലക്കാട്): ഗ്രാമപഞ്ചായത്തിലെ ഉമ്മിനിയില്‍ വൃന്ദാവന്‍ നഗറില്‍ പുലി ഇറങ്ങി തെരുവ് നായെ കടിച്ച് കീറിയതായി നാട്ടുകാർ. ചോര വാർന്നൊലിക്കുന്ന നായെ കണ്ടതോടെ നാട്ടുകാരുടെ പുലിപ്പേടിക്ക് ആക്കം കൂടി. അകത്തേത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ വീട്ടുമുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തി. വീട്ടുമുറ്റത്തെ മെറ്റലിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ നായെ കണ്ട സ്ഥലത്തിനടുത്ത വീട്ടുമുറ്റത്താണ് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകളും കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ പരിശോധിച്ചു.
വൃന്ദാവന്‍ നഗറില്‍ മാത്രം 60ൽപരം വീട്ടുകാർ താമസിക്കുന്നുണ്ട്. പുലിയുടെ സാന്നിധ്യമറിയാന്‍ ഈ പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ പുലിയെ കണ്ടത് വനപാലകരെയും കുഴക്കുകയാണ്. ഉമ്മിനി, സൂര്യനഗർ, മേലേചേറാട് എന്നിവിടങ്ങളിലാണ് മുമ്പ് പുലിയെത്തിയത്. ഉമ്മിനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
പുലിക്കുഞ്ഞുങ്ങളിലൊന്നിനെ വനം വകുപ്പ് സ്ഥാപിച്ച കൂടിൽനിന്ന് അമ്മപ്പുലി കൊണ്ടുപോയിരുന്നു. മറ്റൊരു പുലിക്കുഞ്ഞ് വനം വകുപ്പിന്റെ തൃശൂർ അകമല വന്യജീവി പരിപാലന കേന്ദ്രത്തിലാണ്. ആൾ പെരുമാറ്റം മണത്തറിഞ്ഞ് മടങ്ങിപ്പോയ അമ്മപ്പുലി ഉമ്മിനിയിൽ വീണ്ടുമെത്തിയതാവാമെന്നാണ് അധികൃതർ കരുതുന്നത്. ഇതേ പുലി തന്നെയാവാം സൂര്യനഗറിലും മേലേ ചേറാടിലും തെരുവ് നായെയും വളർത്ത് നായെയും ആക്രമിച്ചതെന്നും അനുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

