ഇടതിന് നിരാശ, നില മെച്ചപ്പെടുത്തി യു.ഡി.എഫ്
text_fieldsടി. മണികണ്ഠൻ (അകലൂർ ഈസ്റ്റ്), നീതു സൂരജ് (കപ്പടം), ബി. മണികണ്ഠൻ (കള്ളിയമ്പാറ), ആർ. ഭാനു രേഖ (ബമ്മണൂർ) ശോഭന (കല്ലമല)
പാലക്കാട്: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ചുവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നിരാശ, നില മെച്ചപ്പെടുത്തി യു.ഡി.എഫ്. ഇടതുമുന്നണിയിലെ പിളർപ്പ് കൊണ്ട് ശ്രദ്ധേയമായ പെരിങ്ങോട്ടുകുറിശ്ശി എട്ടാംവാർഡ് ബമ്മണ്ണൂരിൽ സി.പി.ഐ-ഗോപിനാഥ് പക്ഷം സ്ഥാനാർഥി ആർ. ഭാനു രേഖ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. ബി.ജെ.പി സ്ഥാനാർഥി പി.ആർ. ബിന്ദു 185 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെക്കെത്തിയപ്പോൾ സി.പി.എം സ്വതന്ത്രയായി കളത്തിലിറങ്ങിയ സി. റീന 47 വോട്ടുമായി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ മുതലമട കള്ളിയമ്പാറയിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നതാണ് കണ്ടത്. സിറ്റിങ് സീറ്റ് സി.പി.എമ്മിന് നഷ്ടമായപ്പോൾ കഴിഞ്ഞ തവണ 571 വോട്ടുകളുമായി രണ്ടാംസ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി 69 വോട്ടുകളിലേക്ക് ചുരുങ്ങി. കോൺഗ്രസ് സ്വതന്ത്രനായ ബി. മണികണ്ഠൻ 723 വോട്ടുകൾ നേടി 124 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. സി.പി.എം സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയ മുഹമ്മദ് മൂസക്ക് 599 വോട്ടുകളാണ് നേടാനായത്. കൗതുകകരമായ രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ച പഞ്ചായത്തിൽ അടുത്തിടെ അവിശ്വാസപ്രമേയത്തിലൂടെ സി.പി.എമ്മിന് അധികാരം നഷ്ടമായിരുന്നു. സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന പ്രമേയത്തെ കോൺഗ്രസ്- ബി.ജെ.പി അംഗങ്ങൾ പിന്തുണച്ചതോടെയായിരുന്നു ഇത്. തുടർന്ന് ബി.ജെ.പി അംഗങ്ങളെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. നിലവിൽ സ്വതന്ത്ര അംഗങ്ങളും കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുമടങ്ങുന്ന പത്തംഗ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇക്കുറി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രൻ വിജയിച്ചതോടെ ഭരണസമിതി അംഗങ്ങളുടെ എണ്ണം 11 ആയി. സി.പി.എം അംഗങ്ങൾ ഒമ്പതായി കുറഞ്ഞു.
ലക്കിടി പേരൂർ പഞ്ചായത്ത് അകലൂർ ഈസ്റ്റ് 10 -വാർഡ് എൽ.ഡി.എഫ് നിലനിർത്തിയപ്പോൾ കല്ലടിക്കോട് കപ്പം വാർഡ് യു.ഡി.എഫ് നിലനിർത്തി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് കല്ലംതോടിൽ സി.പി.ഐ സിറ്റിങ് സീറ്റ് ബി.ജെ.പി പിടിച്ചെടുത്തു. നിലവിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ബി.ജെ.പിക്ക് മൂന്നും എൽ.ഡി.എഫിന് ഒമ്പതും പ്രതിനിധികളുണ്ട്. യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചാൽ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണം അട്ടിമറിക്കാനോ ഭരണപ്രതിസന്ധി സൃഷ്ടിക്കാനോ സാധിക്കുന്ന സാഹചര്യവും ഇവിടെ സംജാതമായി.
അഞ്ചുവാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രൻ -ഒന്ന്, സി.പി.ഐ സ്വതന്ത്രൻ- ഒന്ന്, ബി.ജെ.പി-ഒന്ന്, യു.ഡി.എഫ് സ്വതന്ത്രൻ -ഒന്ന്, യു.ഡി.എഫ് -ഒന്ന് എന്നാണ് നില. തെരഞ്ഞെടുപ്പ് ഫലം നിർണായകമായിരുന്ന മുതലമടയിൽ കഴിഞ്ഞ തവണ ബി.ജെ.പിക്ക് പോൾ ചെയ്ത വോട്ടുകൾ ഇത്തവണ കോൺഗ്രസ് സ്വതന്ത്രൻ വാരിക്കൂട്ടിയെന്നത് കണക്കുകളിൽ വ്യക്തമാണ്. ഭരണം തിരിച്ചുപിടിക്കാനായി കളത്തിലിറങ്ങിയ സി.പി.എം പ്രതിപക്ഷത്തേക്ക് തള്ളപ്പെടുന്നതാണ് കാഴ്ച. എങ്കിലും സ്വതന്ത്ര-ബി.ജെ.പി-കോൺഗ്രസ് അംഗങ്ങൾ ചേർന്നുള്ള ഭരണസമിതി അസ്ഥിരമാണെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
സി.പി.എമ്മിലെ ഛിദ്രം കൈയേറ്റത്തിലും വെല്ലുവിളിയിലുമടക്കം കലാശിച്ച പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന എ.വി. ഗോപിനാഥിന്റെ പിന്തുണയോടെ മത്സരിച്ച സി.പി.ഐ സ്വതന്ത്രൻ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചതും വരുംദിവസങ്ങളിൽ ചർച്ചയാവും. സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മറ്റി അംഗവുമായിരുന്ന കെ.പി. ശശികുമാർ നേതൃത്വവുമായി ഇടഞ്ഞ് ഒരുവിഭാഗം പ്രവർത്തകരുമായി സി.പി.ഐയിലേക്ക് ചേക്കേറിയതോടെ പഞ്ചായത്തിൽ സി.പി.എം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവിലെ തോൽവി അതിന്റെ ആക്കം വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

