അവധിക്കാലത്തിന് വിട; സ്കൂൾ മുറ്റങ്ങളിൽ ഇന്നുമുതൽ ആരവം
text_fieldsപാലക്കാട്: രണ്ടുമാസം നീണ്ട അവധിക്കാലത്തിന് വിട. വ്യാഴാഴ്ച മുതൽ സ്കൂൾ മുറ്റങ്ങൾ ആരവങ്ങൾക്ക് സാക്ഷിയാവും. മണ്ണിലും വെയിലത്തും കളിച്ച് നടന്ന വേനൽക്കാലം കഴിഞ്ഞു. ഇനി പുതിയ പുസ്തകവും ബാഗുകളുമൊക്കെയായി സ്കൂളിലേക്ക്. രണ്ടു മാസം എത്ര വേഗമാണ് പോയത്, ഇത്രയും പെട്ടെന്ന് സ്കൂൾ തുറക്കണ്ടായിരുന്നു എന്ന് പരിഭവം പറയുന്നവർ, മറിച്ച് ആദ്യമായി സ്കൂളിലെത്തുന്ന ത്രില്ലിലിരിക്കുന്നവർ, പുതിയ ബാഗും കുടയുമൊക്കെ കൂട്ടുകാരെ കാണിക്കാൻ ധൃതി കൂട്ടുന്നവർ, ഇങ്ങനെയിങ്ങനെ ഓരോ വീട്ടിൽനിന്നും കേൾക്കുന്നത് ഓരോരോ വിശേഷങ്ങളാണ്. കുരുന്നുകൾക്കായുള്ള പ്രവേശനോത്സവത്തിനായുള്ള ഒരുക്കം പൂർത്തിയായി കഴിഞ്ഞു. ബലൂണുകളും തോരണങ്ങളുമൊക്കെ തയാറാക്കി അധ്യാപകരും റെഡിയായി. സ്കൂൾ തുറക്കും മുമ്പേ പാഠപുസ്തകം, സൗജന്യ യൂനിഫോം എന്നിവയുടെ വിതരണം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്.

